തുളുനാടിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള, ചെമ്മനാട്, മധൂര്‍, ബദിയഡുക്ക, മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളടങ്ങിയ പ്രദേശമാണിത്. ന്യൂനപക്ഷവും വ്യത്യസ്തങ്ങളായ സംസ്‌ക്കാരങ്ങളും നിറഞ്ഞ ഈ പ്രദേശത്തിന്റെ വരും കാല വികസന കാഴ്ചപ്പാടുകളും നടപ്പിലാക്കിയ പദ്ധതികളും സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ സംസാരിക്കുന്നു.
പ്രഥമ പരിഗണന കുടിവെള്ള-ജല സംരക്ഷണ രംഗത്തിന്
ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായ രീതിയില്‍ താഴ്ന്ന് ജല ദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് കാസര്‍കോട്. ജലസംരക്ഷണത്തിന് സമഗ്രമായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. വിവിധ ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഭൂഗര്‍ഭ ജല നിരപ്പ് നാല് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എം.ജി.എന്‍.ആര്‍.ഇ.ജി ഫണ്ടിന്റെ 75 ശതമാനവും വിനിയോഗിക്കുന്നത് ജല സംരക്ഷണത്തിനും ജല സ്രോതസുകളുടെ സംരക്ഷണത്തിനുമാണ്. ഒരു കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് ഈ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്നത്. 53 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികളാണ് 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ പദ്ധതി വ്യാപകമായി നടപ്പിലാക്കി വരുന്നുണ്ട്.
കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍
ബദിയഡുക്ക പഞ്ചായത്തിലെ പെരഡാല കൊറഗ കോളനിയുടെ സമഗ്ര വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വെച്ചിട്ടുണ്ട്. കോളനിയിലെ 44 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഭവന നിര്‍മ്മാണം, വീട് പുനരുദ്ധാരണം, ശുചിമുറി നിര്‍മ്മാണം, ജലസേചന കിണര്‍, കുടിവെള്ള പൈപ്പ്ലൈന്‍, ഗ്യാസ് കണക്ഷന്‍, സോളാര്‍ ലൈറ്റ്, കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കിണര്‍ റീച്ചാര്‍ജ്ജ്, മഴക്കുഴി, കയ്യാലകള്‍, തട്ട് തിരിക്കല്‍, മണ്ണിടിച്ചല്‍ തടയാന്‍ സംരക്ഷണ ഭിത്തി തുടങ്ങി സമഗ്ര വികസന പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കായിക മേഖലയ്ക്കും പരിഗണന
ചെങ്കള പഞ്ചായത്തിലെ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കുന്നുണ്ട്. ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒപ്പം ജില്ലാ പഞ്ചായത്തും കൂടി ചേര്‍ന്നൊരുക്കുന്ന സംയുക്ത പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8700 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കുന്ന സ്റ്റേഡിയം കായിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഉതകുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് നടത്തുന്ന പൈക്ക കായിക മത്സരങ്ങള്‍ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു.
ആരോഗ്യ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍
കുമ്പള, ബദിയഡുക്ക സി.എച്ച്.സികളും ഒന്‍പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കളനാട് ഹോമിയോ ആശുപത്രി, നാല് ഹോമിയോ ഡിസ്പെന്‍സറികള്‍, 2 എന്‍.ആര്‍.എച്ച്.എം ഡിസ്പെന്‍സറികള്‍, ആയുര്‍വേദ ആശുപത്രികള്‍ എന്നിവയാണ് പ്രധാന ആരോഗ്യ കേന്ദ്രങ്ങള്‍. ജീവിത ശൈലീരോഗ ചികിത്സ, പകര്‍ച്ച വ്യാധി നേരിടാനുള്ള പദ്ധതികള്‍, സാന്ത്വന ചികിത്സ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ മാസ്‌ക്, പള്‍സ് ഓക്സീമീറ്റര്‍, പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍, മറ്റ് ഉപകണങ്ങളും സേവനങ്ങളും എല്ലാം ബ്ലോക്ക് പഞ്ചായത്ത് നല്‍കിയിരുന്നു.
സെക്കന്ററി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍
സെക്കന്ററി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച തരത്തിലുള്ളതാണ്. ബദിയഡുക്ക, കുമ്പള സി.എച്ച്.സികള്‍ക്ക് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം 8,50,000 രൂപയും 5,00,000 രൂപയും വകയിരുത്തി. ആശുപത്രി ജീവനക്കാര്‍ കിടപ്പിലായ ആളുകളെ വളരെ കരുതലോടെയാണ് സേവിക്കുന്നത്.
സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കരുതല്‍
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യയില്‍ നല്ലശതമാനവും സ്ത്രീകളാണ്. കുടുംബശ്രീ ഉള്‍പ്പെടയുള്ള വിവിധ പദ്ധതികളിലൂടെ സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥമാറിയിട്ടുണ്ട്. ജാഗ്രതാ സമിതികള്‍ നല്‍കുന്ന ബോധവത്ക്കരണ ക്ലാസുകള്‍, വനിതാ സംഘങ്ങള്‍ക്ക് സ്വയം തൊഴിലിനായുള്ള സഹായങ്ങള്‍, കൗമാരക്കാരായ കുട്ടികള്‍ക്ക് പോഷകാഹാരം തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഇവര്‍ക്ക് അനുപൂരക ആഹാരം നല്‍കുന്നതിനായി പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍ എന്നീ പദ്ധതികളാണ് നടത്തിയത്. വയോജനങ്ങള്‍ക്ക് പകല്‍ സമയത്ത് വിശ്രമത്തിനും ആരോഗ്യകരമായ സാമൂഹികാന്തരീക്ഷത്തിനുമായി നടത്തുന്ന പകല്‍വീട് പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ ബ്ലോക്ക് വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
പാര്‍പ്പിട പദ്ധതികളുടെ നടത്തിപ്പ്
പാര്‍പ്പിട പദ്ധതികളായ ലൈഫ്, പി.എം.എ.വൈ പദ്ധതികള്‍ കാര്യക്ഷമമായി നടന്നു വരികയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം പാര്‍പ്പിട പദ്ധതികള്‍ക്കായി മാത്രം 73,67,600 വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലൈഫ് ഭവന പദ്ധതി വിഹിതം, വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് എന്നിവയാണ് നല്‍കിവരുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് ഭവന പദ്ധതി വിഹിതം, വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, കുടിവെള്ള ടാങ്ക് നല്‍കല്‍, വിവിധ കോളനി റോഡുകളുടെ കോണ്‍ക്രീറ്റ് വര്‍ക്ക്, കുടിവെള്ള, ഡ്രെയ്നേജ് പ്രവൃത്തികള്‍ എന്നിവയാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയത്.
ഉത്പാദന മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം
സുഭിക്ഷ കേരളം പദ്ധതി ഇനത്തിലും പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍കൃഷിക്ക് കൂലിച്ചിലവ് ഇനത്തിലും ഫണ്ട് വകയിരുത്തി. ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍, ജലസേചനത്തിനാവശ്യമായ കുളം നവീകരണങ്ങളും വി.സി.ബി, ചെക്ഡാം നിര്‍മ്മാണവുമാണ് ഉത്പാദന രംഗത്ത് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികള്‍.
അഭിമുഖം : ദില്‍ന എ പി