രാമഞ്ചിറയില്‍ പൂട്ടുകട്ട പാകും, അറ്റകുറ്റപ്പണി അടുത്ത ആഴ്ച തുടങ്ങും
തിരുവല്ല ടൗണില്‍ എംസി റോഡിലെ താത്കാലിക അറ്റകുറ്റപ്പണികള്‍ക്കായി 16 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമന്‍ചിറഭാഗത്ത് സാധാരണ രീതിയിലുള്ള അറ്റകുറ്റപ്പണി നടത്തിയാല്‍ നിലനില്‍ക്കില്ല എന്ന വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടുകട്ട (ഇന്റര്‍ലോക്) ഉപയോഗിക്കാനാണ് തീരുമാനം. ഇടക്കാല പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ ക്വട്ടേഷന്‍ വിളിച്ചു നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലാം തീയതിയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ചതന്നെ പണികള്‍ ആരംഭിക്കാനിരിക്കുകയാണ്.
ഇതെല്ലാം  സമരത്തിന്റെ ഫലമായാണ് എന്ന അവകാശവാദവും ഇനിയുണ്ടായേക്കാം. കനത്ത മഴയില്‍പ്പെട്ട് കേരളത്തിലെ പല റോഡുകളും അവശ്യ സൗകര്യങ്ങളും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഫലപ്രദമായ ദുരിതാശ്വാസ-പുനരുദ്ധാരണ നടപടികളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്. അതിനിടയില്‍ നടത്തുന്ന മുതലെടുപ്പു സമരങ്ങള്‍ അനുചിതമായിപ്പോയി എന്നുമാത്രം ബന്ധപ്പെട്ട എല്ലാവരെയും ഓര്‍മ്മിപ്പിക്കട്ടെ.
ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് നന്നായി മനസിലാക്കിയാണ് ഇടക്കാലനടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതു മനസിലാക്കി ഏവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതു സംബന്ധിച്ച നിജസ്ഥിതി കാര്യഗൗരവത്തോടെ മനസിലാക്കിയിട്ടുള്ള ആരും സമരത്തിന് ഇറങ്ങിത്തിരിക്കുമെന്നു തോന്നുന്നില്ല.
ലോകബാങ്കിന്റെ സഹായത്തോടെയുള്ള കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് പ്രോജക്ട് (കെ.എസ്.ടി.പി.) നടപ്പിലാക്കുന്ന ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡുവികസന പദ്ധതിയില്‍ നിന്ന് തിരുവല്ല ടൗണ്‍ ഭാഗത്തെ ഒഴിവാക്കിയ ന്യായീകരിക്കാനാവാത്ത നടപടി യു.ഡി.എഫ്. ഭരണകാലത്താണുണ്ടായത്. ഇതു പരിഹരിച്ച് തിരുവല്ല ടൗണിനെക്കൂടി ഉള്‍പ്പെടുത്തി പുതിയ പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷമാണ്. ഇതിന്‍പ്രകാരം 5.5 കോടി രൂപയുടെ അധിക നിര്‍മ്മാണത്തിനാണ് ലോകബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിന്റെ ടെന്‍ഡര്‍ രേഖകള്‍ ലോകബാങ്ക് അടുത്തയാഴ്ച പരിശോധിച്ച് അംഗീകാരം നല്‍കും. തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങാന്‍ കഴിയും. തുടര്‍ന്നുള്ള നടപടികള്‍ എത്രയും വേഗം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതുവരെപ്പോലും റോഡുകളുടെ നിലവിലുള്ള അവസ്ഥ തുടരാന്‍ പാടില്ല എന്നതിനാലാണ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.