* സംസ്ഥാനത്ത് 1151 ക്ലബ്ബുകൾ
* വിദ്യാലയങ്ങളിൽ കൊച്ചുവനങ്ങൾ
വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. പരിസ്ഥിതി അവബോധമുള്ള തലമുറയെ വാർത്തെടുക്കാനായി കേരള വനം-വന്യജീവി വകുപ്പിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഫോറസ്ട്രി ക്ലബ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 1151 ഫോറസ്ട്രി ക്ലബ്ബുകളാണ് വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ലബ്ബുകളിലെ അംഗങ്ങളുടെ എണ്ണം അരലക്ഷത്തിനടുത്ത് വരും. പരിസ്ഥിതി സംരക്ഷണത്തിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാൻ വലിയൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്നു എന്നത് ഫോറസ്ട്രി ക്ലബ്ബിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ ഫോറസ്ട്രി ക്ലബ്ബ് രൂപീകരിക്കാം. പരിസ്ഥിതി സംരക്ഷണവിഷയത്തിൽ താൽപര്യമുള്ള ഒരു അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ 40 വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചാണ് ക്ലബ്ബ് രൂപീകരിക്കേണ്ടത്. വിദ്യാർത്ഥികൾ ഒരേ ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം. എന്നാൽ ഒരേ ഡിവിഷനിൽ പഠിക്കുന്നവരാകണമെന്ന് നിർബന്ധമില്ല. അഭിരുചി പരീക്ഷ നടത്തിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഫോറസ്ട്രി ക്ലബ്ബിന്റെ രജിസ്‌ട്രേഷൻ നടത്തേണ്ടത് ജില്ലകളിലെ വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലാണ്. ഇതിനായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ തയ്യാറാക്കി ക്ലബ് അംഗങ്ങളുടെ പേര്, ക്ലാസ്സ്, ഫോൺ നമ്പർ എന്നിവ സഹിതം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. രജിസ്‌ട്രേഷൻ നടപടി പൂർത്തിയായാൽ രജിസ്‌ട്രേഷൻ നമ്പർ സഹിതമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.
രജിസ്‌ട്രേഷൻ കാലാവധി വിദ്യാർത്ഥികളുടെ അതതു തലത്തിലുള്ള പഠന കാലാവധി വരെയായിരിക്കും. ക്ലബ്ബിന്റെ പ്രവർത്തനം, ഫോറസ്ട്രി ക്ലബ്ബിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വനം വകുപ്പിൽനിന്നും ലഭിക്കും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും. ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിനും വൃക്ഷവൽക്കരണത്തിനുമായി നിരവധി പ്രവർത്തനങ്ങൾ നടത്താനാകും.
വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ ലഭ്യമായ അഞ്ചു സെന്റ് സ്ഥലത്ത് ഉയർന്ന സാന്ദ്രതയിൽ വിവിധ ഇനം വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളികളും വച്ചുപിടിപ്പിച്ച് സ്വാഭാവിക വനത്തിന്റെ ഒരു കൊച്ചുപതിപ്പ് സൃഷ്ടിച്ചെടുക്കുന്ന പദ്ധതിയായാണ് വിദ്യാവനം. ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാവനം പദ്ധതി സംസ്ഥാനത്താകെ നടപ്പിലാക്കിവരുന്നത്.
തണ്ണീർത്തട ശുചീകരണം, കാട്ടുതീ തടയാനുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾ, റാലികൾ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ നഴ്‌സറി നിർമ്മാണം, ബേർഡ് ബാത്ത് സജ്ജീകരിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഫോറസ്ട്രി ക്ലബ്ബ് നടത്തിവരികയാണ്.
ഫോറസ്ട്രി ക്ലബ്ബിന്റെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയങ്ങളിൽ ബോർഡ് സ്ഥാപിക്കുന്നതിനായി വനം വകുപ്പിൽനിന്നും ധനസഹായം ലഭിക്കും. പരിസ്ഥിതിയെയും കാടിനെയും സ്നേഹിക്കുന്ന, പരിചരിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയിലൂടെ വനംവകുപ്പും വിദ്യാഭ്യാസ വകുപ്പും.