നിയോജക മണ്ഡലം ആസ്‌തി വികസന പദ്ധതിയിൽ കടമക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടു റോഡുകളുടെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണത്തിന് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ആറാം വാർഡ് കോരാമ്പാടം സെന്റ് മേരീസ് ചർച്ച് റോഡിനും ഏഴാം വാർഡ് മുഴുങ്ങുംതറ ശൗരി സർ റോഡിനുമാണ് 15 ലക്ഷം രൂപ വീതം അനുവദിച്ചത്. ഇടപ്പള്ളി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ നിർവ്വഹണ ചുമതലയിൽ ആറുമാസത്തിനകം ഇരു റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കണം.

300 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും ടൈൽ വിരിച്ചാണ് കോരാമ്പാടം സെന്റ്‌ മേരീസ് ചർച്ച് റോഡ് നിർമ്മിക്കുന്നത്. 65 മീറ്റർ നീളത്തിൽ കാനയ്ക്ക് മേൽസ്ലാബും ഇടും. മുഴുങ്ങുംതറ ശൗരി സർ റോഡിന് 310 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലും ടൈൽ വിരിക്കും.

ഇരുറോഡുകളും വർഷങ്ങളായി താറുമാറായ നിലയിലാണെന്നും നാട്ടുകാരുടെ ദീർഘകാലമായ ആവശ്യമാണ് എംഎൽഎ ഫണ്ട് വിനിയോഗത്തിലൂടെ നടപ്പാകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് പറഞ്ഞു. പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും പുതിയ നിർമ്മാണപ്രവർത്തനങ്ങളിലൂടെ ശമനമാകും. നിരവധി സ്‌കൂൾ വിദ്യാർഥികളുൾപ്പെടെ ആശ്രയിക്കുന്നതാണ് സെന്റ് മേരീസ് ചർച്ച് റോഡെന്നും ശൗരി സർ റോഡ് നിർമ്മാണം അഞ്ചാം വാർഡ് നിവാസികൾക്കും പ്രയോജനപ്പെടുമെന്നും മേരി വിൻസെന്റ് പറഞ്ഞു.