സർക്കാർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ നാളേക്ക് വേണ്ടിയാണെന്നും നാളത്തെ തലമുറയ്ക്കായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വിതരണം ചെയ്യുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ള കുറവുകളും അസൗകര്യങ്ങളും പരിഹരിക്കപ്പെടും. കേരളത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ പഠിക്കുന്ന സൗകര്യങ്ങൾ ലഭ്യമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങൾ ഉയർന്നു വരും. നടപ്പാക്കാൻ പറ്റുന്നതേ പറയാറുള്ളൂയെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വീകരിച്ച നടപടികളിലൂടെ വ്യക്തമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സർവകലാശാലകളിലായി 1500 ഹോസ്റ്റൽ മുറികൾ പണിയുന്നതിനാണ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും ഒരുക്കും. ലൈബ്രറി, ലാബുകൾ, കളിക്കളം തുടങ്ങി എല്ലാ സൗകര്യങ്ങളും വലിയ തോതിൽ വർധിക്കും. 150 നവകേരള ഫെലോഷിപ്പ് ഈ വർഷം അനുവദിക്കും. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന്റെ ആദ്യ ഘട്ടമായി 5000 പേർക്ക് സൗകര്യം ഒരുക്കുകയാണ്. 5000 രൂപ സർക്കാരും അത്ര തന്നെയെങ്കിലും സ്ഥാപന ഉടമയും നൽകും. ആറു മാസമാണ് ഇന്റേൺഷിപ്പ്. നൈപുണ്യ വികസനത്തിന് ഇത് വഴി വയ്ക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്‌കിൽ പാർക്കുകളും ഒരുക്കും. ഐ. ടി പാർക്കുകളും വരുന്നുണ്ട്. നാലു സയൻസ് പാർക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയുടെ ഭാഗമായി ഡിജിറ്റൽ പാർക്കും വരും.
ഇപ്പോൾ ഇവിടെ നിന്ന് കുട്ടികൾ പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഇതിന് മാറ്റമുണ്ടായി മറ്റിടങ്ങളിൽ നിന്ന് കുട്ടികൾ പഠനത്തിനായി ഇവിടെ വരുന്ന സ്ഥിതിയുണ്ടാവണം. കേരളത്തെ വിജ്ഞാന സമൂഹമാക്കുന്നതിനൊപ്പം നൂതനത്വ സമൂഹവുമാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ ചരിത്ര വിഭാഗത്തിൽ ഒന്നാമതെത്തിയ കാഴ്ച പരിമിതിയുള്ള ഇ. രമ്യയ്ക്കാണ് മുഖ്യമന്ത്രി ആദ്യ പുരസ്‌കാരം നൽകിയത്. വിവിധ സർവകലാശാലകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം. രണ്ടരലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നൽകുന്നത്. വ്യാഴാഴ്ചയോടെ എല്ലാ വിദ്യാർത്ഥികളുടെയും അക്കൗണ്ടുകളിൽ തുക എത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വി. കെ. പ്രശാന്ത് എം. എൽ. എ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.