ആലപ്പുഴ: കായംകുളം മാര്‍ക്കറ്റിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. നടപ്പാതയില്‍ ടൈല്‍ പാകുന്നത് ഉള്‍പ്പെടെയുള്ള അവസാന മിനുക്കുപണികളാണ് ‍ പുരോഗമിക്കുന്നത്. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.

രണ്ടു വരി ഗതാഗതത്തിനായി 7.5 മീറ്റര്‍ വീതിയുള്ള ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ് പാലത്തിലുള്ളത്. 1938ല്‍ നിര്‍മ്മിച്ച പഴയ പാലത്തിന് വീതി കുറവായിരുന്നതിനാല്‍ ഗതാഗക്കുരുക്ക് പതിവായിരുന്നു. പാലത്തില്‍ നടപ്പാത ഇല്ലാതിരുന്നത് കാല്‍നടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ജി. സുധാകരന്‍ പൊതമരാമത്ത് മന്ത്രിയായിരിക്കെയാണ് യു. പ്രതിഭ എം.എല്‍.എയുടെ ആവശ്യം പരിഗണിച്ച് പാലം നവീകരണ പദ്ധതിക്ക് അനുമതി നല്‍കിയത്. സംസ്ഥാന ബജറ്റില്‍ നിന്നും വകയിരുത്തിയ 4.70 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം. 20.60 മീറ്റര്‍ നീളമുള്ള പാലത്തിന് നാലു ഗോപുരങ്ങള്‍ രൂപഭംഗി നല്‍കുന്നു.