ക്ഷയരോഗ നിവാരണത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടം.അഞ്ച് വര്‍ഷത്തിനുള്ളില്‍ (2015-20) ക്ഷയരോഗികളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനം കുറവ് ഉണ്ടാക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞെന്ന് ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പരഞ്ഞു. ക്ഷയരോഗ നിവാരണത്തില്‍ ജില്ലയ്ക്ക് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ഒപ്പം ഇന്ത്യയില്‍ ആദ്യമായി കേരളത്തിനാണ് സില്‍വര്‍ അവാര്‍ഡ് ലഭിച്ചതെന്നും ജില്ലാ കളക്ടര്‍ . ലോക ടി.ബി ദിനാചരണത്തോടനുബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു, അവര്‍.

2025ഓടെ പൂര്‍ണ്ണമായും ടി.ബി തുടച്ച് നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ടി.ബി രോഗികളുടെ എണ്ണം 60 ശതമാനം കുറക്കാന്‍ സാധിച്ചാല്‍ ഗോള്‍ഡ് അവാര്‍ഡും 80 ശതമാനം കുറക്കാന്‍ സാധിച്ചാല്‍ ക്ഷയരോഗ മുക്ത ജില്ലയാകാനും സാധിക്കും.
ഇതിനായി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും നടന്നു വരികയാണ്. തുടര്‍ച്ചയായി നടത്തിവന്ന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടി കോവിഡ് ലോക്ഡൗണിന് ശേഷം പൂര്‍വ്വാധികം ശക്തമായി അക്ഷയകേരളം പദ്ധതിയിലൂടെ നടത്തി വരികയാണെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു.

ടി.ബി രോഗികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം 500 രൂപയും കേരള സര്‍ക്കാര്‍ 1000 രൂപയും നല്‍കി വരുന്നു. ഇതോടൊപ്പം വിവിധ ഗ്രാമ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരം നല്‍കി വരുന്നു. ആറ് മാസത്തെ കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗത്തില്‍ നിന്നും മുക്തി നേടാനാകുമെന്ന് ടി.ബി ഓഫീസര്‍ ഡോ.ടി.പി ആമിന പറഞ്ഞു.
നിലവില്‍ രോഗബാധിതരല്ലാത്ത ബാക്ടീരിയ വാഹകരായ ആളുകളെ കണ്ടെത്തി ചികിത്സിക്കുന്ന പരിപാടി 2021 ജൂലൈ മാസം മുതല്‍ ആരംഭിച്ചു. ്. ഇത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന രോഗികളുടെ എണ്ണം കുറക്കാന്‍ സഹായിക്കുന്നു. ചുമക്കുമ്പോഴും തു്മ്മുമ്പോഴും മുഖം മറക്കണമെന്ന സന്ദേശവുമായി ആരംഭിച്ച തൂവാല വിപ്ലവവും മികച്ച പ്രതികരണമാണ് നല്‍കിയത്.
നേരിട്ട് നീരീക്ഷണത്തിലുള്ള ചികില്‍സാ രീതി അംഗന്‍വാടി വര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ആരംഭിച്ചു. ജില്ലാ ടി.ബി സെന്റര്‍ കാസറഗോഡും ജില്ലാ ആശുപത്രി കാഞ്ഞങ്ങാടും അത്യന്താധുനിക കഫ പരിശോധന (CBNAAT) യന്ത്രം സ്ഥാപിച്ച് ചെലവേറിയ ക്ഷയരോഗ നിര്‍ണ്ണയം ലളിതമാക്കി. കൂടാതെ പനത്തടി താലൂക്ക് ആശുപത്രി, ജി.എച്ച് കാസറഗോഡ്, ഡി.എച്ച് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആധുനിക ട്രൂനെറ്റ് യന്ത്രം സ്ഥാപിച്ച് നിര്‍ണ്ണയം ത്വരിതപ്പെടുത്തി. 2000 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ 18280 രോഗികളെ കണ്ടെത്തുകയും അതില്‍ 90% രോഗികളെ ചികില്‍സിച്ച് സുഖപ്പെടുത്തുകയും ചെയ്തതായി ഡോ ടി പി ആമിന പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ക്സര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ രാജാറാം, ടി.ബി ഓഫീസര്‍ ഡോ.ടി.പി ആമിന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, മാസ് മീഡിയ ഓഫീസര്‍ എസ്. സയന, സീനിയര്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ പി.വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.