ആലപ്പുഴ: കുടുംബശ്രീ കൂട്ടായ്മയില്‍ പിറന്ന ബിസിനസ് ആശയം വഴിതുറന്നത് ഓണാട്ടുകരയുടെ സ്വന്തം കറിപൗഡര്‍ ബ്രാന്‍ഡിലേക്ക്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തയ്യാറാക്കുന്ന ശുദ്ധി കറി പൗഡറുകള്‍ പേരു സൂചിപ്പിക്കുന്നതു പോലെ മായം ചേര്‍ക്കാത്തവയാണ്.

കുടുംബശ്രീ അംഗങ്ങളായ ബിനി വിശ്വംഭരന്‍, ഹൃദയകുമാരി, അനിത, വിജയമ്മ, സുധര്‍മ്മ എന്നിവരാണ് ഓണാട്ടുകര സ്പൈസസ് എന്ന ബ്രാന്‍ഡില്‍ ഈ കറി പൗഡറുകള്‍ വിപണിയിലെത്തിക്കുന്നത്.

കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന മഞ്ഞളും കുരുമുളകുമൊക്കെ യന്ത്രവത്കൃത യൂണിറ്റിലാണ് സംസ്‌കരിച്ച് വിപണനം നടത്തുന്നത്. മഞ്ഞള്‍ സംസ്‌കരണത്തിനായി മൂന്നു ലക്ഷം രൂപ വിലവരുന്ന പോളീഷിംഗ് യന്ത്രം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയോടെ ഇവര്‍ക്ക് നല്‍കി. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പിന്തുണയില്‍ മഞ്ഞള്‍ പുഴുങ്ങി ഉണക്കുന്നതിനായുള്ള ബോയിലറും ലഭിച്ചു.

വിദേശത്തുനിന്ന് ഉള്‍പ്പെടെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ബിനി വിശ്വംഭരന്‍ പറഞ്ഞു.