തൃക്കരിപ്പൂരിന്റെ ദീര്‍ഘ നാളത്തെ ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു.

തൃക്കരിപ്പൂര്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റ് ഏപ്രില്‍ 10ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവിട്ടാണ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ആധുനിക നിലവാരത്തിലുള്ള മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇരുനിലകളിലായി ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവ പാകിയാണ് മാര്‍ക്കറ്റിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്.ആധുനിക രീതിയില്‍ മത്സ്യം വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. പ്രത്യേകം ബ്ലോക്കുകളായി തിരിച്ച് ഒരു ബ്ലോക്കില്‍ രണ്ടുപേര്‍ക്ക് വീതം വില്‍പന നടത്താന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. നിലവില്‍ 30 ഓളം പേര്‍ക്ക് മീന്‍ വില്‍ക്കുന്നതിനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. മാര്‍ക്കറ്റിനുള്ളില്‍ നിന്നുള്ള വെള്ളം ഉള്‍പ്പടെയുള്ള മാലിന്യം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ലൈറ്റ്, ഫാന്‍ സൗകര്യവും കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കുമായി വിശാലമായ ശുചിമുറി സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനാകും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും