*മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷന്‍
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ മേയ് 15 മുതല്‍ 22 വരെ കനകക്കുന്നിൽ വച്ച് വിപുലമായ പ്രദര്‍ശന വിപണന മേള നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു. വാർഷിക പരിപാടികൾ പൊതുജനപങ്കാളിത്തത്തോടെ നടത്താൻ സെക്രട്ടറിയേറ്റ് അനക്സിലെ ലയം ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, വി.കെ. പ്രശാന്ത് എം എൽ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികള്‍.
സർക്കാരിനു കീഴിലെ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയും കലാപരിപാടികളും മേളക്ക് മാറ്റുകൂട്ടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സ്റ്റാളുകള്‍, ഭക്ഷ്യമേള എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഏപ്രിൽ മൂന്നിന് കണ്ണൂരിൽ തുടക്കമാകുന്ന വാർഷികാഘോഷ പരിപാടികളുടെ സമാപനം കൂടിയാകും അനന്തപുരിക്ക് അതിശയ കാഴ്ച്ചയൊരുക്കുന്ന ഈ മേള.ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ സംഘാടക സമിതി ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുന്നത്ത് വൈസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബിൻസി ലാൽ കൺവീനറുമാണ്.