മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയാകാന്‍ എഴുപുന്ന പഞ്ചായത്ത്

ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പുതു മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

കെല്‍ട്രോണിന്‍റെ സഹായത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിക്കും. മാലിന്യ ശേഖരണവും സംസ്കരണവും കൃത്യമായി നടക്കുന്നു എന്ന് ഉറപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രദീപ് പറയുന്നു.

പഞ്ചായത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നത് ഉള്‍പ്പെടെയുള്ള നിരവധി വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഭരണ സമിതി വിഭാവനം ചെയ്തിട്ടുള്ളത്. അതേക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് സംസാരിക്കുന്നു.

വെള്ളക്കെട്ട് നിര്‍മാര്‍ജനം

നീര്‍ച്ചാലുകളിലെ എക്കല്‍ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്താല്‍ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനാകും. ഇതിനായി പഞ്ചായത്തിന് സ്വന്തമായി ഒരു എസ്കവേറ്റര്‍ മെഷീന്‍ വാങ്ങുന്നത് പരിഗണനയിലാണ്.

മെഷീന്‍ വാങ്ങിയശേഷം ഇത് ഉപയോഗിച്ച് എക്കല്‍ നീക്കുന്നതിന് ഒരു കൂട്ടായ്മ രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

പൊക്കാളി കൃഷി പുനരുജ്ജീവനം

ഒരു കാലത്ത് സജീവമായിരുന്ന പൊക്കാളി കൃഷി വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്.
ഏക്കറുകളോളം വരുന്ന പൊക്കാളി പാടങ്ങളില്‍ ഇപ്പോള്‍ മത്സ്യകൃഷി മാത്രമാണുള്ളത്.

കൃഷി വകുപ്പിന്‍റെ പിന്തുണയോടെ കര്‍ഷകര്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കി കൃഷി വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.

പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കാര്‍ഷിക കര്‍മ സേനയുടെ നേതൃത്വത്തില്‍ വിഷുവിന് നാട്ടില്‍ ആവശ്യമായ കണിവെള്ളരികളും പച്ചക്കറിയും തദ്ദേശീയമായി തന്നെ കൃഷി ചെയ്‌തെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വലിയ കുളം നവീകരണം

നാളുകളായി ശോചനീയാവസ്ഥയില്‍ കിടക്കുന്ന വലിയകുളം നവീകരിക്കും. നവീകരണവും സൗന്ദര്യവത്കരണവും വിശ്രമ കേന്ദ്രവും ഉള്‍പ്പെടെ അന്‍പതു ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

വിനോദസഞ്ചാര വികസനം

ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള കാക്കത്തുരുത്ത് ദ്വീപ് പഞ്ചായത്തിലാണ്. ദ്വീപിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിശ്രമകേന്ദ്രം, നടപ്പാത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ഉദ്ദേശിക്കുന്നു.

എറണാകുളം ജില്ലയോടടുത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന നിലയില്‍ കൊച്ചിയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാനുള്ള പദ്ധതികളുടെ സാധ്യതയും പരിശോധിക്കും.

സംരംഭകത്വ പ്രോത്സാഹനം

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി അടക്കമുള്ള സഹായങ്ങള്‍ നല്‍കി വരുന്നു. പഞ്ചായത്തിലെ തൊഴിലുറപ്പ് സംഘങ്ങള്‍ തൊഴിലിടങ്ങളില്‍ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് കുറ്റി, സോക്ക്പിറ്റ് നിര്‍മാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് ഇഷ്ടിക തുടങ്ങിയവ ഇത്തരം സംരംഭക ഗ്രൂപ്പുകളില്‍ നിന്നാണ് വാങ്ങുന്നത്.

സംരംഭ ഗ്രൂപ്പുകള്‍ക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആടുകളെ വിതരണം ചെയ്തു വരുന്നു. ആടുകളെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. പഞ്ചായത്തില്‍ ഫാം തുടങ്ങി ആവശ്യമുള്ള ആടുകളെ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. പദ്ധതി വിജയകരമായി നടപ്പാക്കാനായാല്‍ മറ്റു പഞ്ചായത്തുകളിലേക്കും ആടുകളെ വിതരണം ചെയ്യാനും പഞ്ചായത്തിലെ തൊഴില്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും സാധിക്കും.

ഇംഗ്ലീഷ് പഠനത്തിന് പുതിയ പദ്ധതി

പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി പ്രഗല്‍ഭരായ അധ്യാപകരെയും ട്രെയ്‌നര്‍മാരെയും ഉള്‍പ്പെടുത്തി പുതിയ ഇംഗ്ലീഷ് പഠന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമം

മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഫര്‍ണിച്ചറുകളും നല്‍കിവരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റ ആദ്യവര്‍ഷം തന്നെ പഞ്ചായത്തില്‍ മത്സ്യമാര്‍ക്കറ്റ് സമുച്ചയവും, മത്സ്യഭവനും ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചു. എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്ന കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മത്സ്യമാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചത്. പഞ്ചായത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഇന്ന് ഈ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവരുടെ ക്ഷേമത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ മത്സ്യഭവന്‍ മുഖേന നടത്തിവരുന്നു.