ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനം. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ് കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക.ആരോഗ്യ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും ജനസേവനത്തിന് വലിയ പ്രാധാന്യം നല്‍കിയുളള ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞു. ആര്‍ദ്ര കേരളം പുരസ്‌കാരം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള അതിജീവനം പദ്ധതി, കിടപ്പിലായവര്‍ക്കുള്ള പരിചരണത്തിനായി സ്‌നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ രംഗത്ത് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്. ഏറ്റവുമധികം ചെലവ് വരുന്ന വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസിന് ഒരു പരിധി വരെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. അതിജീവനം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന പേരില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. ഏഴ് ബെഡ്ഡുകളിലായി ഒരേസമയം ആറു പേര്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ , പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ആര്‍ആര്‍എഫ് മാലിന്യ സംസ്‌കരണ കേന്ദ്രം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിനെ പുരസ്്കാരത്തിന് അര്‍ഹമാക്കിയത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് പുരസ്‌കാരം നല്കുന്നത്.