കാസര്‍കോട് ബദ്രഡുക്കയിലെ കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കെല്‍ ഇഎംഎല്ലിന് നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാനുള്ള ദിനങ്ങളാണ് ഇനിയങ്ങോട്ട്. സ്ഥാപനത്തിന്റെ പ്രതാപകാലത്ത് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തിരുന്നു. രാജധാനി , ശതാബ്ദി ട്രെയിനുകള്‍ക്ക് ഉള്‍പ്പെടെ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.

കെല്‍ ഇഎംഎല്‍ ഉല്പാദന മേഖലയില്‍ സജീവമാകുന്നതോടെ ഉല്പന്നങ്ങള്‍ക്കുള്ള വിപണന സാധ്യതകളും അനന്തമാകും. ട്രാക്ഷന്‍ ഓള്‍ട്ടനേറ്റര്‍, ട്രാക്ഷന്‍ മോട്ടോര്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാവശ്യമായ മോട്ടോര്‍, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജര്‍, തുടങ്ങിയവയുടെ ഉത്പാദനത്തിലാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വേണ്ടി സ്മാര്‍ട്ട് മീറ്റര്‍ നിര്‍മിച്ചു നല്‍കുന്നതും പരിഗണനയിലാണ്.
പ്രതിരോധ മേഖലയിലേക്കാവശ്യമായ ഉപകരണങ്ങളും കെല്‍ ഇഎംഎല്ലില്‍ നിന്ന് നിര്‍മിക്കും. നേരത്തെ ഈ മേഖലയിലേക്ക് യന്ത്രസാമഗ്രികള്‍ നിര്‍മിച്ച്് വിതരണം ചെയ്ത അനുഭവം മുതല്‍ക്കൂട്ടാവും. പ്രതിരോധ മേഖലകളില്‍ ഇനിയും അവസരങ്ങള്‍ കെല്‍ ഇഎംഎല്ലിനെ കാത്തിരിക്കുന്നുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
റെയില്‍വെ മേഖലയില്‍ നിന്ന് ഉല്പാദനത്തിനുള്ള അനുമതി കിട്ടാന്‍ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ (ആര്‍.ഡിഎസ്.ഒ) അംഗീകാരം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സ്ഥാപനത്തിന് റെയില്‍വേയുടെ ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഇതിനായി കെല്‍ ഇഎംഎല്ലിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ വേണം. കെല്‍ ഇഎംഎല്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ . ഇതുപയോഗിച്ച് ആര്‍ഡിഎസ്ഒ അംഗീകാരം നേടിയെടുക്കാനാവും.
സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാവശ്യമായ മെഷീനുകളും ജനറേറ്ററുകളും ഉത്പാദിപ്പിച്ചുനല്‍കാന്‍ കെല്‍ ഇഎംഎല്ലിലൂടെ സാധിക്കും. ഇതിനായി സര്‍ക്കാര്‍തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്. ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേനയും കാസര്‍കോട് വികസന പാക്കേജിലൂടെയും നടപ്പാക്കുന്ന പദ്ധതികളിലും കെല്‍ ഇഎംഎല്ലിന്റെ സഹകരണം ഉണ്ടാവും.