കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ലയിലെ വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യു ഓഫീസുകളുടെ ആധുനികവത്ക്കരണം രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങൾ ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനാധിപത്യവത്ക്കരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ എറണാകുളം ജില്ലയിലെ റവന്യു ഓഫീസുകൾ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റും. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ സുതാര്യമാക്കുന്നതിനായി ഡിജിറ്റൽ റീ സർവെ മെയ് മാസം മുതൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂമി തരം മാറ്റം പ്രശ്നം പരിഹരിക്കും. ജില്ലയിൽ ഭൂമി അനധികൃതമായി നികത്തുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മെയിൽ നടക്കുന്ന പട്ടയമേളയിൽ ജില്ലയിൽ 2300 പട്ടയം നൽകാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു

മന്ത്രി പി.രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പൻ,
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ഇന്ദു , തൃക്കാക്കര മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

50 ലക്ഷം രൂപ വകയിരുത്തിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. വേദിയും മേശകളും പോഡിയവും നവീകരിച്ചു. ചുമരുകളിലും തൂണുകളിലും തേക്ക് കൊണ്ടുള്ള പാനല്‍ വര്‍ക്കും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് സംവിധാനങ്ങളും ശബ്ദ സംവിധാനങ്ങളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്താനാവശ്യമായ ഉപകരണ സംവിധാനങ്ങളും കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്.