കേരളത്തെ പുതുക്കി പണിയാന്‍ സഹായിക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകജാലക സംവിധാനം ആരംഭിക്കുന്നത് ആദ്യമായാണ്. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന സംരംഭം എന്ന നിലയില്‍ ഓഫീസിന് ആവശ്യമുള്ള എന്ത് സൗകര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി ദേവോ ഭവഃ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ആളുകളുടെ വിവര ശേഖരണം നടത്താനും രജിസ്റ്ററി സൂക്ഷിക്കാനും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കിടയിലും തൊഴില്‍ ദാതാക്കള്‍ക്കിടയിലും അതിനായി പ്രത്യേക ബോധവല്‍ക്കരണ പരിപാടി നടത്തും.

മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ഫോഴ്സിന്റെ ഉദ്്ഘാടനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പോലീസ്, എക്‌സൈസ്, തൊഴില്‍, വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച മലയാളം സംസാരിക്കുന്ന അതിഥി തൊഴിലാളികളാണ് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ഫോഴ്സിന്റെ ഭാഗമാകുന്നത്. തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഒരുക്കുന്നത് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ഫോഴ്സിന്റെ സഹായത്തോടെ ആയിരിക്കും. ജില്ലയില്‍ നിലവില്‍ 9 പേരാണ് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ഫോഴ്സിന്റെ ഭാഗമായിട്ടുള്ളത്.

ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡെല്‍സ), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) എന്നിവയുടെ സഹകരണത്തോടെയാണ് അതിഥി ദേവോ ഭവഃ എന്ന പേരില്‍ ഏകജാലക സംവിധാനം ഒരുക്കിയിട്ടുള്ളത്. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് തന്നെ പരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കും. പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഡി.എല്‍.എസ്.എ യുടെ നേതൃത്വത്തില്‍ പരിഹരിക്കും.

രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് നിന്നും ജോലിക്കായി ജില്ലയിലെത്തുന്ന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടപ്പാക്കുക ആണ് ഓഫീസിന്റെ ലക്ഷ്യം. എല്‍.എന്‍.ജി പെട്രോനെറ്റിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഓഫീസ് സമുച്ചയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ ജഡ്ജും സെഷന്‍സ് ജഡ്ജുമായ ഹണി എം.വര്‍ഗീസ് അധ്യക്ഷത വഹിച്ചു.