സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മഞ്ഞപ്പെട്ടി- പോഞ്ഞാശ്ശേരി റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സര്‍പ്പിച്ചു. ഓണ്‍ലൈനായിട്ടായിരുന്നു ഉദ്ഘാടനം. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ സ്വാഗതം അര്‍പ്പിച്ചു.

പ്രാദേശിക തലത്തില്‍ നടന്ന ചടങ്ങില്‍ പി.വി ശീനിജിന്‍ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജി കരുണാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.ജി. ഗീത, ഫസീല ഷംനാദ്, പൊതുപ്രവര്‍ത്തകരായ
എം. എം. അബ്ദുള്‍ സലാം,
അസ്സീസ് എമ്പാശ്ശേരി, ജബ്ബാര്‍ തച്ചയില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ ദേവകുമാര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പെരുമ്പാവൂര്‍-ആലുവ റോഡിനെയും ആലുവ – മൂന്നാര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണ് മഞ്ഞപ്പെട്ടി – പോഞ്ഞാശ്ശേരി റോഡ്. പെരുമ്പാവൂര്‍ – ആലുവ റോഡിലെ മഞ്ഞപ്പെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന ഈ പാത സൗത്ത് വാഴക്കുളം, വള്ളത്തോള്‍ വായനശാല തൈക്കാവ്- ചേലക്കുളം സ്‌കൂള്‍ വഴി ആലുവ – മൂന്നാര്‍ റോഡിലെ പോഞ്ഞാശ്ശേരിയില്‍ അവസാനിക്കുന്നു. പ്രധാന ജില്ലാ റോഡുകളുടെ ഇനത്തില്‍ ഉള്‍പ്പെടുന്ന ഈ പാതയുടെ ആകെ നീളം 4.48 കിലോമീറ്റര്‍ ആണ്.

നവീകരണത്തിന്റെ ഭാഗമായി മഞ്ഞപ്പെട്ടി മുതല്‍ തുറപാലം വരെയുള്ള 2.75 കിലോമീറ്റര്‍ ദൂരം 5.50 മീറ്റര്‍ വീതിയില്‍ റോഡിന്റെ ഉപരിതലം ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തി. മഴവെള്ളം ഒഴുക്കിക്കളയുന്നതിന് വേണ്ടി ആവശ്യമായ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കാന, കലുങ്കുകള്‍ എന്നിവയും നിര്‍മ്മിച്ചു. റോഡ് മാര്‍ക്കിംഗ്, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, റോഡ് സ്റ്റഡ് സ്ഥാപിക്കല്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.