പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാറശാല ബ്ലോക്ക്  പഞ്ചായത്തിലെ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷീരകർഷകർക്കുള്ള ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനായി ക്ഷീരവികസന വകുപ്പും കൃഷിവകുപ്പും കേരള ഫീഡ്സും സംയുക്തമായി കാർഷിക പദ്ധതി ആവിഷ്‌കരിക്കും. ഇതിലൂടെ കാലിത്തീറ്റ നിർമാണത്തിനാവശ്യമായ ചേരുവകൾ സംസ്ഥാനത്തുതന്നെ കൃഷിചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ക്ഷീരമേഖലയിൽ സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും കുടുംബശ്രീയുടെ കീഴിൽ പാലുൽപ്പന്നങ്ങളുടെ നിർമാണത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദനവും സംഭരണവും നടത്തിയ കർഷകരെയും ക്ഷീര സംഘങ്ങളെയും മന്ത്രി ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന സെമിനാർ, വിവിധ ഇനം കന്നുകാലികളുടെ പ്രദർശനം, കാലിത്തീറ്റ, മരുന്നുകൾ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.

പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്‌സ്, ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, ക്ഷീരസംഘങ്ങൾ, ഫാം ഇൻഫർമേഷൻ ബ്യൂറോ, ആത്മ എന്നിവയുടെ സഹകരണത്തോടെയാണ് ബ്ലോക്കുതല ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചത്. വലിയവിള ക്രൈസ്റ്റ് ദി കിംഗ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ അധ്യക്ഷനായിരുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരകർഷകർ എന്നിവരും പങ്കെടുത്തു.