കല, കായികം, ശാസ്ത്രം, സാഹിത്യം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 നും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരം 2020, തിരുവനന്തപുരം ജില്ലയിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ വിതരണം ചെയ്തു. 6 മുതൽ 11 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, അക്കാദമിക മേഖലകളിൽ മികവ് തെളിയിച്ച ശാസ്തമംഗലം സ്വദേശിനി ഹൃദശ്രീ.ആർ.കൃഷ്ണനും 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഫിലിം മേക്കിങ്, ഫോട്ടോഗ്രഫി, അഭിനയം, ഛായാ ഗ്രഹണം എന്നീ മേഖലകളിൽ മികവ് തെളിയിച്ച കാട്ടായിക്കോണം സ്വദേശിനി തമന്ന സോളും പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ അപേക്ഷ ക്ഷണിച്ച്, ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് അധ്യക്ഷനായ കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ബാലക്ഷേമ സമിതി ചെയർപേഴ്‌സൺ അഡ്വ.എൻ.സുനന്ദ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ചിത്രലേഖ. എസ്, വിജയികളായ കുട്ടികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.