മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ നിലമ്പൂര്‍ മണ്ഡലത്തിലെ മരംവെട്ടിച്ചാല്‍ – കാരപ്പുറം – കല്‍ക്കുളം റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പ്രാദേശികമായി മൂത്തേടം, കാരപ്പുറത്ത് നടന്ന പരിപാടിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4.5 കോടി രൂപ ഉപയോഗിച്ചാണ് റോഡ് വീതി കൂട്ടി ബി.എം ആന്റ് ബി.സി ചെയ്ത് നവീകരണം പൂര്‍ത്തീകരിച്ചത്. നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന മരംവെട്ടിച്ചാല്‍ – കാരപ്പുറം – നെല്ലിക്കുത്ത് -മുണ്ട റോഡ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട ജില്ലാ പാതയാണ്. മലയോര ഹൈവേ പൂക്കോട്ടുംപാടം – തമ്പുരാട്ടിക്കല്ല് പാതയിലെ പ്രാധാന ജങ്ഷനുകളില്‍ ഒന്നായ മരത്തിന്‍കടവില്‍ നിന്ന് ആരംഭിച്ച് മൂത്തേടം ഗ്രാമപഞ്ചായത്തിലെ കാരപ്പുറം, കല്‍ക്കുളം, നെല്ലിക്കുത്ത്, പെരുങ്കൊല്ലന്‍പാറ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാത കടന്നുപോകുന്നത്. കാഴ്ച മറക്കുന്ന വളവുകളും വീതി കുറവും നേരത്തെ ഈ പാതയുടെ പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍ നവീകരിച്ചതോടെ റോഡിന്റെ വീതി 3.80 മീറ്ററില്‍ നിന്നും 5.5 മീറ്ററാക്കി വര്‍ധിപ്പിച്ചു. കൂടാതെ ആവശ്യമായ ഇടങ്ങളില്‍ അഴുക്കുചാലുകള്‍, സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.

മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, വൈസ് പ്രസിഡന്റ് ടി.പി സഫിയ, ബ്ലോക്ക് പഞ്ചായത്തംഗം റഷീദ് വാളപ്ര, അംഗങ്ങളായ ജസ്മല്‍ പുതിയറ, എ.ടി റെജി, വി.പി ഷംല ടീച്ചര്‍, സെലീന, എം.പി ആയിഷ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എഫ് ലിയോണ്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു