കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ‘അമ്മയും കുഞ്ഞും’ ബ്ലോക്കില്‍ താല്‍ക്കാലികമായി ഒരുക്കിയ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ചയാണ് വാര്‍ഡിലേക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. പ്രവര്‍ത്തനം ആരംഭിച്ച കുട്ടികളുടെ വാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സന്ദര്‍ശിച്ചു.

ആധുനിക സൗകര്യങ്ങളാണ് വാര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച വാര്‍ഡില്‍ ഒരേസമയം ഇരുപതോളം രോഗികള്‍ക്ക് കിടക്കാം. 12 വയസില്‍ താഴെയുള്ള കുട്ടികളെയാണ് വാര്‍ഡില്‍ പ്രവേശിപ്പിക്കുക. അമ്മയും കുഞ്ഞും ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് വാര്‍ഡ്.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള അമ്മയും കുഞ്ഞും ബ്ലോക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ 2.25 കോടി രൂപ ചെലവഴിച്ച് കണ്ണൂര്‍ നിര്‍മ്മിതി കേന്ദ്രയാണ് അമ്മയും കുഞ്ഞും ബ്ലോക്ക് നവീകരിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രസവാനന്തരം സ്ത്രീകളെ കിടത്തുന്ന വാര്‍ഡാണ് സജ്ജീകരിച്ചത്. ഒരേസമയം 50 പേര്‍ക്ക് കിടക്കാവുന്ന ഈ വാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആധുനിക തരത്തിലുള്ള കട്ടിലുകളും ഓരോ കട്ടിലിനോടും ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും രോഗികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കറും ഉണ്ട്.

അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഏറ്റവും താഴെയുള്ള നിലയില്‍ ഒ പി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശിശുരോഗ ഒ പി, ഗര്‍ഭിണികള്‍ക്കും സ്ത്രീ രോഗങ്ങള്‍ക്കുമുള്ള ഒ പി, അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, നിരീക്ഷണ മുറി, മുലയൂട്ടല്‍ മുറി, കുടുംബാസൂത്രണം എന്നിവയാണ് ഇവിടെയുള്ളത്. സ്തനാര്‍ബുദം പരിശോധിക്കാനുള്ള മാമോഗ്രാം ഉടന്‍ സ്ഥാപിക്കും.

ജില്ലാ ആശുപത്രിയിലെ രക്തബാങ്ക് നേരത്തേ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന ഇടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ വാര്‍ഡ് അമ്മയും കുഞ്ഞും ബ്ലോക്കിലേക്ക് മാറ്റിയത്. മുന്‍പ് രക്തബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഉള്‍പ്പെടെ പൊളിച്ചു നീക്കിയിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്നത്.