കൊച്ചി: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ ധന സഹായമായി 14 ലക്ഷം രൂപ കൂടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു. പത്താം ഘട്ട വിതരണത്തിനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 14 ലക്ഷം രൂപ അനുവദിച്ചത്. അനുവദിച്ച തുക മൂവാറ്റുപുഴ താലൂക്ക് ഓഫീസ് വഴി വിതരണം ചെയ്ത് തുടങ്ങി. എം എല്‍ എ ഓഫീസ് മുഖേനയും അക്ഷയ മുഖേനയും അപേക്ഷ നല്‍കിയവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നത്. 2000 രൂപ മുതല്‍ എഴുപതിനായിരം രൂപ വരെയുള്ള തുകയാണ് നല്‍കുന്നത്.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം സര്‍ക്കാര്‍ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കെത്തുമ്പോള്‍ മാത്രമേ നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ എന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തില്‍ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരക്കണക്കിന് വ്യക്തികള്‍ക്ക് ഇതുവരെ ചികിത്സ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു. ഇത് കൂടാതെ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് അടിയന്തര ധന സഹായമായി റവന്യൂ വകുപ്പില്‍ നിന്നും 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 437 പേര്‍ക്ക് 3800 രൂപ വീതം നല്‍കുകയും ചെയ്തു.
ധനസഹായത്തിന് പുറമേ മൂവാറ്റുപുഴ താലൂക്കിലെ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് അഞ്ചു കിലോ അരി വീതം നല്‍കിയിരുന്നു. വെള്ളപ്പൊക്ക ഭീഷണി കാരണം പല കുടുംബങ്ങളിലെ ആളുകള്‍ക്കും ജോലിക്ക് പോകാന്‍ പോലും കഴിയാതെ പട്ടിണിയായിരുന്നു. വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു വരികയാണെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 64 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുവാന്‍ കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു.