മലബാര്‍ സമര ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച ലൈബ്രറിയും ഗവേഷണ കേന്ദ്രവും ചരിത്ര ഗ്യാലറിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി തൃക്കലങ്ങോട് പൊതുജന വായനശാലാ വളപ്പിലാണ് ചരിത്ര ലൈബ്രറി സ്ഥാപിച്ചിട്ടുള്ളത്. 15 ലക്ഷം രൂപ ചെലവിട്ടാണ് ലൈബ്രറി ഒരുക്കിയത്. അഞ്ച് ലക്ഷം രൂപയുടെ റഫറല്‍ പുസ്തകളും സജ്ജമാക്കിയിട്ടുണ്ട്.

മലബാര്‍ കലാപത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ ലൈബ്രറി സ്ഥാപിക്കണമെന്ന ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആവശ്യം അംഗീകരിച്ചാണ് മഞ്ചേരി തൃക്കലങ്ങോട് ചരിത്ര ലൈബ്രറി സ്ഥാപിച്ചത്. പൊതുജനങ്ങള്‍ക്കും പുസ്തകം റഫര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥശാല സ്ഥാപിക്കാന്‍ തൃക്കലങ്ങോട് പൊതുജന വായനശാലയുടെ പഴയ കെട്ടിടം ഭാരവാഹികള്‍ സൗജന്യമായി നല്‍കുകയായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.