സഹകരണ എക്സ്പോ ഏപ്രിൽ 18 മുതൽ 22 വരെ മറൈൻ ഡ്രൈവിൽ, സ്വാഗത സംഘം ഓഫീസ് തുറന്നു 

സഹകരണ മേഖല എത്രമാത്രം ശക്തിപ്പെട്ടുവെന്നും സമാന്തര സാമ്പത്തിക മേഖലയായി പ്രവർത്തിക്കുന്നത് എങ്ങനെയെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാകും മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോയെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന ‘സഹകരണ എക്‌സ്‌പോ’യുടെ സ്വാഗത സംഘം ഓഫീസ് നാഷണല്‍ ബുക്ക് സ്റ്റാളിന്റെ ‘അക്ഷര മന്ദിര’ത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറെ പുതുമകളോടെയാണ് സഹകരണ എക്സ്പോ അവതരിപ്പിക്കുന്നത്. കലാ സാംസ്കാരിക സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളുടെ ഇരുന്നൂറോളം സ്റ്റാളുകളാണ് എക്സ്പോയിൽ ഉണ്ടാകുക. സഹകരണ മേഖലയിൽ ഉത്പാദിപ്പിക്കുന്ന 340ലധികം ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. പ്രൈമറി, അപ്പെക്സ്, ഫെഡറൽ മേഖലകളിലുള്ള വിവിധ സൊസൈറ്റികൾക്ക് അവരുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ സഹകരണ മേഖലയിലെയും സാമ്പത്തിക രംഗത്തെയും വിവിധ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന, ദേശീയ തലങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചാകും ഇവ സംഘടിപ്പിക്കുക. എക്സ്പോയുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വിപുലമായ ഫുഡ് കോർട്ടും ഒരുക്കും. എക്സ്പോയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിവിധ സഹകരണ സംഘങ്ങൾ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ടി.ജെ വിനോദ് എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. എക്സ്പോയുടെ ബ്രോഷറിൻ്റെ പ്രകാശനം മന്ത്രി എം.എൽ.എക്ക് നൽകി നിർവഹിച്ചു. എക്സിബിഷൻ ലോഗോയുടെ പ്രകാശനവും വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി, സഹകരണ സംഘം രജിസ്ട്രാർ അദീല അബ്ദുള്ള, ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ, കേരളബാങ്ക് അധ്യക്ഷൻ ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ 80 കേങ്ങളിൽ നിന്നായി വിവിധ സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ ഓൺലൈനിലൂടെയും പങ്കെടുത്തു.