കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള   നൂലുകളിൽ മുടിയിഴകളും കൺപുരികങ്ങളും കൃഷ്ണമണികളും തെളിഞ്ഞു വന്നു. നൂലിഴകളിൽ നിന്നും കണ്ണിമ തെറ്റാതെ മനോഹരൻ നെയ്‌തെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ്. കഴിഞ്ഞ ദിവസം എന്റെ കേരളം പ്രദർശന നഗരിയിലെത്തിയ മുഖ്യമന്ത്രി തോളത്തുതട്ടി അഭിനന്ദിച്ചതിന്റെ ആനന്ദം മനോഹരന്റെ നിറഞ്ഞ ചിരിയിലുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിലെ വീവിംഗ് ഹെൽപ്പറാണ് കൂടാളി സ്വദേശിയായ വി മനോഹരൻ. ടേപ്പസ്ട്രി വീവിംഗിൽ ശ്രദ്ധേയനായ ഇദ്ദേഹം 35 വർഷമായി നെയ്ത്ത് മേഖലയിലുണ്ട്. പത്ത് വർഷമായി ഐ ഐ എച്ച് ടി യിൽ പ്രവർത്തിക്കുന്നു.

എ പി ജെ അബ്ദുൾ കലാം, മോഹൻലാൽ, ഇ എം എസ്, പി രാജീവ് തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ടേപ്പസ്ട്രി വീവിംഗിലൂടെ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഫർണിഷിംഗ് വിഭാഗത്തിൽ ഫോൾഡിംഗ് കർട്ടൻ നിർമാണത്തിനുള്ള ദേശീയ പുരസ്‌കാരവും മനോഹരന് ലഭിച്ചിട്ടുണ്ട്.

എ വൺ സൈസിലുള്ള മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖമാണ് ഇദ്ദേഹം നെയ്‌തെടുക്കുന്നത്. പല ഷേഡുകളിലുള്ള നൂലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫോട്ടോ നോക്കി ഏറെ ശ്രദ്ധയോടെയാണ് നെയ്ത്ത്. ഏപ്രിൽ 14 ന് എന്റെ കേരളം പ്രദർശനം അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രിക്ക് ചിത്രം സമ്മാനിക്കുമെന്ന് മനോഹരൻ പറയുന്നു.