ഒരു ഗാനം മാത്രമല്ല, ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു പിടി മധുരഗാനങ്ങളിലൂടെ ആസ്വാദകർക്ക് സ്മൃതി മധുരം പകർന്ന സംഗീതരാവ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന സ്മൃതി മധുരം ഗാനമേള ആസ്വാദകർക്ക്  ഹൃദ്യാനുഭവമായി. പിന്നണി ഗായകൻ രതീഷ് പല്ലവിയും സംഘവുമാണ് ഗാനമേള അവതരിപ്പിച്ചത്. 

വാണി ജയറാം പാടി അനശ്വരമാക്കിയ ധും തന ചിലങ്കേയെന്ന ഗാനത്തിലൂടെ മൂന്നാം ക്ലാസുകാരി പല്ലവി രതീഷ് സദസ്സിനെ കൈയിലെടുത്തു. മലയാളി എന്നും ചുണ്ടിൽ മൂളുന്ന ഒരു പുഷ്പം മാത്രമെൻ, അനുരാഗിണീ, സ്വർണമുകിലേ തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്കൊപ്പം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മാസ്റ്റർ പീസുകളും ആസ്വാദകരുടെ കാതോരമെത്തി. കേൾക്കാനും മൂളാനും കൊതിക്കുന്ന ഈരടികളാൽ മനം നിറച്ച സ്മൃതി മധുരം പാട്ടോർമകളിലേക്കുള്ള മധുര യാത്രയായി. രതീഷ് പല്ലവിക്കും മകൾ പല്ലവി രതീഷിനുമൊപ്പം റാണി ജോയ് പീറ്റർ, ജിതിൻ ജോയ്,അനുരാജ് മനോജ് എന്നിവരായിരുന്നു സംഘത്തിൽ.  സോമസുന്ദരം, ജയൻ ഈയ്യക്കാട്, മനോജ്, സന്തോഷ്, ശുഭൻ എന്നിവരായിരുന്നു ഓർക്കസ്ട്ര ടീം.