പ്ലാസ്റ്റിക് രഹിത ഭൂമിയെന്ന് ഊന്നി പറയുമ്പോഴും ജീവിതത്തിന്റെസമസ്തമേഖലകളിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ നമുക്ക് സാധിക്കാറില്ല. അലങ്കാരവസ്തുക്കളില്‍ എങ്ങനെ പ്ലാസ്റ്റിക് ഒഴിവാക്കാമെന്നതിനു ഉദാഹരണമായി സരസ്‌മേളയില്‍ എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിനി ജോമോള്‍. പാളയില്‍ നിര്‍മിച്ചെടുത്ത വ്യത്യസ്തതരം അലങ്കാര പുഷ്പ്പങ്ങളാണ് ഇവര്‍ തന്റെ സ്റ്റാളില്‍ വില്‍ക്കുന്നത്. പത്തോളം തരം പൂക്കള്‍ ജോമോളുടെ കൈവശമുണ്ട്. നാലോ അഞ്ചോ പൂക്കളുള്ള ഒരു തണ്ടിന്റെ വില 60 രൂപയാണ്. പൂക്കള്‍ ഒരുക്കിവെയ്ക്കാന്‍ തടികൊണ്ടുള്ള അലങ്കാര പാത്രവും സ്റ്റാളില്‍ ലഭ്യമാണ്. 5 പേരടങ്ങുന്ന സ്ത്രീ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നില്‍.
2019 ല്‍ കണ്ണൂരില്‍സംഘടിപ്പിച്ച സരസ്‌മേളയില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടാണ് 2021 ഒക്ടോബറില്‍ ഈ പെണ്‍സംഘം സ്വന്തമായി ദര്‍ശന എന്ന സംരംഭം തുടങ്ങുന്നത്. പലരും നിലവിലെ ജോലി ഉപേക്ഷിച്ചാണ് ഇതിന്റെ ഭാഗമായത്. കുടുംബശ്രീയുടെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറായി. അങ്ങനെ കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പഞ്ചായത്ത് വക കെട്ടിടത്തില്‍ 5 പേരടങ്ങുന്ന ഈ സ്ത്രീ കൂട്ടായ്മ അശ്രാന്തം പ്രവര്‍ത്തനമാരംഭിച്ചു. പാള കുതിര്‍ത്തെടുത്ത് ഉണക്കി മിനുസപ്പെടുത്തിയാണ് പൂക്കള്‍ നിര്‍മിക്കുന്നത്. പിന്നീട് നിറം പൂശിയും കമ്പിയില്‍ കോര്‍ത്തെടുത്തും പൂത്തണ്ടുകള്‍ തയ്യാറാക്കുന്നു. നാട്ടിലെ ഒരു ക്ഷേത്രോത്സവത്തിലായിരുന്നു ആദ്യ വില്പന. പിന്നീട് ആവശ്യക്കാര്‍ നേരിട്ടെത്താനും തുടങ്ങി.
ഈ സ്ത്രീകള്‍ക്ക് സ്വയംകണ്ടെത്തിയ കഴിവിന്റേയും സ്വാതന്ത്ര്യത്തിന്റേയും കഥകള്‍ പറയാനുണ്ട്. തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വയം പര്യാപ്തതയില്‍ എല്ലാവരും സന്തുഷ്ടരുമാണ്. ‘സരസ് ഞങ്ങളെ പോലുള്ള സ്ത്രീകള്‍ക്ക് വലിയ വേദിയാണ്. സരസില്‍ നിന്ന് തന്നെയാണ് അങ്ങനെയൊരു ആശയം ഞങ്ങള്‍ക്ക് ലഭിച്ചതും. നൂതന ആശയങ്ങളുടെയും കലവറയാണ് കൂടിയാണ് ഈ മേള’ ജോമോള്‍ പറഞ്ഞു.