‘നവകേരളം കര്‍മ്മപദ്ധതി’ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ ജില്ലാതല പ്രകാശനം കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് സഫീറിന് കോപ്പി നല്‍കി നിര്‍വഹിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ വികസന പ്രവര്‍ത്തനങ്ങളാണ് നവകേരളം കര്‍മ്മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പിന്റെ ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. നഗരങ്ങളിലും പഞ്ചായത്തുകളിലുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും സൃഷ്ടിക്കപ്പെടുന്ന അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായി സംസ്‌കരണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നതിനും ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം എന്ന മൊബൈല്‍ ആപ്പ് വഴി സാധിക്കുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

ജില്ലാതല ഏകോപനസമിതി, ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റയും അംഗങ്ങള്‍, ബ്ലോക്ക്- നഗരസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍മാര്‍, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ബ്ലോക്ക് ജനറല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, കെല്‍ട്രോണ്‍ ബ്ലോക്ക്-നഗരസഭ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ നാല് നഗരസഭകളിലും കോര്‍പ്പറേഷനിലും മൂന്നാം ഘട്ടത്തില്‍ പഞ്ചായത്ത് തലത്തിലും പരിശീലനം നല്‍കിയശേഷം വാര്‍ഡു തലത്തില്‍ ആപ്പിന്റെ പ്രവര്‍ത്തനം നടപ്പാക്കും.

ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ഫെയ്‌സി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പ്രീത കെ.എസ് പൊതുവിദ്യാഭ്യാസം ജില്ലാ കോര്‍ഡിനേറ്റര്‍, റീബില്‍ഡ് കേരള പ്രതിനിധി, കെല്‍ട്രോണ്‍ സീനിയര്‍ എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.