സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന- വിപണനമേള മെയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി  യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയുടെ പൊതു ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാ വകുപ്പുകളും ഫലപ്രദമായി ഇടപെട്ടുകൊണ്ടുള്ള മേളയായിരിക്കും സംഘടിപ്പിക്കുക. മേള നടക്കുന്ന സ്ഥലത്ത് ആവശ്യമായ കുടിവെള്ളവും വൈദ്യുതിയും വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഉറപ്പുവരുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധങ്ങളായ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും ജില്ലയുടെ വിവിധ പ്രത്യേകതകളും തനിമയും മേളയുടെ ഭാഗമാകും. ജില്ലയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് ഓരോ വകുപ്പുകളും സ്റ്റാളുകള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ക്ക് വിപണനസൗകര്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് മെയ് ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. നൂറു വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവയും ഉണ്ടാകും. ഓരോ വകുപ്പുകളും അവരവരുടെ സ്റ്റാളുകള്‍ ഏറ്റവും ആകര്‍ഷണീയമാക്കണമെന്നും മന്ത്രി പറഞ്ഞു.ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരേയും ആകര്‍ഷിക്കുന്ന തരത്തിലായിരിക്കണം മേള സംഘടിപ്പിക്കേണ്ടതെന്നും ഓരോ വകുപ്പുകളുടേയും സ്റ്റാളുകള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

യോഗത്തില്‍ സംഘാടനം, ഏകോപനം, പ്രചാരണം എന്നീ സബ് കമ്മറ്റികള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ സംഘാടനസമിതി അധ്യക്ഷനും, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ ഏകോപന സമിതി അധ്യക്ഷനും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പ്രചാരണസമിതി അധ്യക്ഷനുമായിരിക്കും.