സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന മാർഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2017 – 18 മുതൽ 2021 – 22 വരെയുള്ള അധ്യയന വർഷങ്ങളിലായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പുതുതായി 9,34310 വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക മെച്ചപ്പെടലിനു മുൻതൂക്കം നൽകിയാണ് അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയിൽ കാലാനുസൃതമായ മാറ്റം വരുത്തും. കാലികമായ അറിവുകൾ വിദ്യാർഥികൾക്കു പകർന്നുനൽകാൻ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും. മേയ് രണ്ടാമത്തെ ആഴ്ച മുതൽ അവസാനത്തെ ആഴ്ചവരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയുടെ റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട തൊള്ളായിരത്തിലധികം അധ്യാപകർക്കു പരിശീലനം നൽകും. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ അധ്യാപകർ ജില്ലകളിലെ 6,200 പേർക്കു പരിശീലനം നൽകും. തുടർന്ന് ലോവർ പ്രൈമറി വിഭാഗത്തിൽപ്പെട്ട 58,000 അധ്യാപകർക്കും അപ്പർ പ്രൈമറി വിഭാഗത്തിൽപ്പെട്ട നാൽപ്പതിനായിരത്തിലധികം അധ്യാപകർക്കും ഹൈസ്‌കൂൾ വിഭാഗത്തിൽപ്പെട്ട 44000ൽപ്പരം അധ്യാപകർക്കും പരിശീലനം നൽകും.
അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായുള്ള ഓൺലൈൻ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ, ഷെഡ്യൂളിങ്, അറ്റൻഡൻസ്, ബാച്ച് തിരിക്കൽ, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് തയാറാക്കൽ തുടങ്ങിയവയും പരിശീലനത്തിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയാകും പോർട്ടൽ തയാറാക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 1,34,000 അധ്യാപകർക്കാണു പരിശീലനം നൽകുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കു പ്രത്യേകം പരിശീലനം നൽകും.
സ്‌കൂൾ തുറക്കും മുൻപേ പാഠപുസ്തകങ്ങൾ നൽകും
സ്‌കൂളുകൾ തുറക്കുന്നതിനു മുൻപുതന്നെ എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പൂർത്തിയായി. ഇവ വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 288 വിഭാഗങ്ങളിലായി 2,84,22,066 പാഠപുസ്തകങ്ങളാണു വിതരണത്തിനു തയാറായിട്ടുള്ളത്. ജില്ലാ ഹബ്ബുകൾക്കു ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികൾവഴി വിദ്യാർഥികൾക്കു നൽകും. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കു പുറമേ തുക അടച്ച് അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകൾക്കും പാഠപുസ്തകങ്ങൾ വാങ്ങാം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28നു രാവിലെ പത്തിന് കരമന ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
വരുന്ന അധ്യയന വർഷം 3,712 സർക്കാർ സ്‌കൂളുകളിലും 3,365 എയ്ഡഡ് സ്‌കൂളുകളിലുമായി 7,077 സ്‌കൂളുകളിലെ 9,58,060 വിദ്യാർഥികൾക്കു കൈത്തറി യൂണിഫോം വിതരണം ചെയ്യും. 120 കോടി രൂപയാണ് ഇതിനായി വിദ്യാഭ്യാസ വകുപ്പ് ചെലവാക്കുന്നത്. സ്‌കൂൾ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് ആറിന് കോഴിക്കോട് നടക്കും. സ്‌കൂൾ അധികൃതർ, അധ്യാപക രക്ഷാകർതൃ സംഘടന, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ ചേർന്ന് യൂണിഫോം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാം. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനു ചേർന്ന രീതിയിലുള്ള യൂണിഫോമാകണം തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ
ഇത്തവണത്തെ പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ രണ്ടു മുതൽ ഏഴു വരെയും പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെയും നടക്കുമെന്നു മന്ത്രി അറിയിച്ചു. ജൂലൈ ഒന്നിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും.
ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമായി ഫയൽ അദാലത്ത് നടത്തും. സംസ്ഥാനതല ഉദ്ഘാടനം മേയ് ഒമ്പതിനു പരീക്ഷാ ഭവനിൽ നടക്കും. എല്ലാ ജില്ലാ ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലും വകുപ്പിന്റെ കേന്ദ്ര ഓഫിസുകളിലും അദാലത്തുകൾ നടത്തും. എയ്ഡഡ് സ്‌കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സമന്വയ സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കും. അംഗീകാരം ലഭിക്കാതെ വർഷങ്ങളായി തീർപ്പാക്കാതെ ഫയലുകൾ സൂക്ഷിക്കുന്നവരോടു വിശദീകരണം തേടും. ജില്ലാതലത്തിൽ പ്രശ്നപരിഹാരമുണ്ടാക്കും.
എസ്.എസ്.എൽ.സി. പരീക്ഷാ മാന്വൽ
കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ പരിഷ്‌കരിച്ച രീതിയിൽ ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കായി പ്രത്യേക മാന്വൽ തയാറാക്കും. 16 വർഷത്തിനു ശേഷമാണ് പുതിയ മാന്വൽ തയാറാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഇതിന്റെ തുടർ നടപടികൾക്കു ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും സംബന്ധിച്ച സ്‌കൂൾ മാന്വലും തയാറാക്കും. വിദ്യാലയങ്ങളുടെ പ്രവർത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കും ഇത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ വിശദമായ ചർച്ച നടത്തിയാകും ഇതിന്റെ അന്തിമ രൂപം തയാറാക്കുക. സ്‌കൂൾ മാന്വലിന്റെ ഭാഗമായി അധ്യാപക – രക്ഷാകർതൃ സംഘടനകളുടെ പ്രവർത്തനമടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശമുണ്ടാകും. സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകൾക്കും ഇതു ബാധമായിരിക്കും.
സ്‌കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ സംബന്ധിച്ച മാസ്റ്റർപ്ലാൻ തയാറാക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിലെ മികവു മുൻനിർത്തിയാകും ഇതു തയാറാക്കുന്നത്. പ്രാദേശിക സവിശേഷതകൾ ഉൾക്കൊണ്ടുള്ള ദീർഘവീക്ഷണത്തോടെ തയാറാക്കുന്ന മാസ്റ്റർ പ്ലാനിന് സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ജനകീയ കൂട്ടായ്മകൾ അന്തിമ രൂപം നൽകും. സ്‌കൂൾ നിൽക്കുന്ന പ്രദേശത്തിന്റെ സവിശേഷ സാഹചര്യം മുൻനിർത്തിയാകണം മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിക്കായി കൈകോർക്കണം
വരുന്ന അധ്യയന വർഷവും കൂടുതൽ മികവാർന്ന രീതിയിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കും. അധ്യാപക – രക്ഷാകർതൃ സംഘടനയുടേയും സർക്കാർ, സർക്കാർ ഇതര സംഘടനകളുടേയും സഹായത്തോടെയാകും ഇതു നടപ്പാക്കുക. എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർഥി സംഘടനകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇവർക്കും വലിയ സഹായം നൽകാൻ കഴിയും. 12,306 സ്‌കൂളുകളാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുള്ളത്. എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷം വിദ്യാർഥികൾക്കു പോഷകപ്രദമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിവ നൽകുന്ന സമഗ്ര പോഷകാഹാര പദ്ധതിയായാണ് ഇതു നടത്തുന്നത്. എല്ലാ സ്‌കൂളുകളിലും പച്ചക്കറി തോട്ടങ്ങൾ നിർമിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഇവിടങ്ങളിൽനിന്നു ലഭിക്കുന്ന പച്ചക്കറി സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗപ്പെടുത്താനാകും.
സംസ്ഥാനത്ത് അഞ്ചു കോടി രൂപ വീതം മുടക്കി 141 സ്‌കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ തീരുമാനിച്ചിരുന്നതിൽ 125 എണ്ണം പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. മൂന്നു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പദ്ധതിയിൽ 386 സ്‌കൂൾ കെട്ടിടങ്ങളിൽ 114 എണ്ണം പൂർത്തീകരിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതു തടയാൻ വിദ്യാർഥികളേയും അധ്യാപകരെയും രക്ഷകർത്താക്കളേയും ബോധവത്കരിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇടപെടൽ നടത്തും. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇതു പൂർണമായി ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ വകുപ്പ് സ്വീകരിക്കും. ഇതു സംബന്ധിച്ചു വിദ്യാലയങ്ങളിൽ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.