ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമൂഹത്തിന്റെ സമസ്ത തലങ്ങളിലും സഹകരണ മേഖല നിർണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. നായരമ്പലം സർവീസ് സഹകരണബാങ്ക് സായാഹ്നശാഖ വെളിയത്താംപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ജനസ്വീകാര്യതയുടെ തെളിവാണ് നായരമ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ വളർച്ച. പ്രദേശത്തിന്റെ വികസനത്തിൽ ബാങ്കിന്റെ പങ്ക് അനിഷേധ്യമാണെന്നും എം.എൽ എ പറഞ്ഞു. ബാങ്കിനോടനുബന്ധിച്ച് സഹകരണ ഫിസിയോതെറാപ്പി സെന്ററിൻ്റെ ഉദ്ഘാടനം ജിസിഡിഎ മുൻ ചെയർമാൻ അഡ്വ. സി.എൻ മോഹനൻ നിർവഹിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം, ലാബ് കളക്ഷൻ സെന്റർ ഉദ്ഘാടനം, ആദ്യ ഡെപ്പോസിറ്റ് സ്വീകരണം, ആദ്യ ലോൺ വിതരണം എന്നിവയും ചടങ്ങിൽ നടന്നു.

ആധുനിക സജ്ജീകരണങ്ങൾ ഒരുക്കി പൂർണ്ണമായും ശീതീകരിച്ച് ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിക്കുക. ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഫിസിയോ തെറാപ്പിക്കായി പ്രത്യേക സംവിധാനം താഴത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. സഹകരണ മേഖലയിൽ ബാങ്ക് നേരിട്ട് നടത്തുന്ന ജില്ലയിലെ ആദ്യത്തെ ഫിസിയോ തെറാപ്പി സെന്റർ ആണ് നായരമ്പലം സർവ്വീസ് സഹകരണ ബാങ്കിന്റേത്.

ബാങ്ക് പ്രസിഡന്റ് പി.കെ രാജീവ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എ ഉഷാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ പി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി ഷിബു, ഗ്രാമപഞ്ചായത്ത് അംഗം ജൂഡി ടോമി, കൊച്ചി സർക്കിൾ സഹകരണ സംഘം എ.ആർ ആന്റണി ജോസഫ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജെ ഫ്രാൻസിസ്, ഭരണസമിതി അംഗങ്ങൾ, കൊച്ചി താലൂക്കിലെ വിവിധ സഹകരണ ബാങ്ക്/സംഘം പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.