നാടിന്റെ മുഖഛായമാറ്റുന്ന വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ താരമായി കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡ്). ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഐ എം വിജയൻ ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, അളഗപ്പനഗർ തിയറ്റർ കോംപ്ലക്സ് തുടങ്ങി നിർമിതികളുടെ  വെർച്വൽ റിയാലിറ്റി ആണ് പ്രദർശന മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്.

സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന ത്രിഡി സംവിധാനത്തിലൂടെ പദ്ധതികളുടെ പൂർണരൂപം യാഥാർത്ഥ്യം പോലെ ആസ്വദിക്കാനാകുമെന്നതാണ് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ കിഫ്ബിയിലേയ്ക്ക് ആകർഷിക്കുന്നത്. തൃശൂർ ജില്ലയിൽ കിഫ്‌ബി പിന്തുണയോടെ ഒരുങ്ങുന്ന പദ്ധതികളുടെ ഫിസിക്കൽ മോഡലുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ കിഫ്‌ബി സഹായത്താൽ വരാനിരിക്കുന്ന  പദ്ധതികളുടെ വിശദവിവരങ്ങൾ അറിയാനായി തയ്യാറാക്കിയ ‘ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം’ ഇവിടെ പ്രദർശനത്തിനുണ്ട്. ജൂൺ ആദ്യവാരം മുതൽ പൊതുജനങ്ങൾക്കും ഈ സേവനം ലഭ്യമാകും. ഭൂമിയുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നത്. പുരോഗമിക്കുന്ന കിഫ്ബി പദ്ധതികളുടെ പരിശോധനക്കായുള്ള അത്യാധുനിക സജ്ജീകരണങ്ങളുള്ള രണ്ട് വാഹനങ്ങൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്. നിർമ്മാണ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടാൻ വിദ്യാർത്ഥികളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒഴുക്കാണ് കിഫ്‌ബി സ്റ്റാളിലേയ്ക്ക്. നാളെയുടെ നിർമിതികളെ കുറിച്ച് ആഴത്തിൽ അറിയാനെത്തുന്ന എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിവരങ്ങൾ കാണിച്ചും  പറഞ്ഞും വിശദമാക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരും സ്റ്റാളിൽ സജ്ജമാണ്.