കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാലവസ്ഥാ വ്യതിയാനം മൂലം കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിള ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കേരളത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.

പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന്റെ തോത് കുറയ്ക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്-മന്ത്രി പറഞ്ഞു

അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യുമായി ചേര്‍ന്ന് കിസാന്‍ ഭാഗിദാരി പ്രാഥമിക്താ ഹമാരി അഭിയാന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ജില്ലയിലെ മികച്ച കര്‍ഷകരെയും കര്‍ഷക സംഘങ്ങളെയും മേളയില്‍ ആദരിച്ചു.

കാര്‍ഷിക സെമിനാര്‍, കര്‍ഷക- ശാസ്ത്രജ്ഞ- ഉദ്യോഗസ്ഥ മുഖാമുഖം പരിപാടി, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം എന്നിവയും നടന്നു. കര്‍ഷര്‍ക്കായി സഞ്ചരിക്കുന്ന മണ്ണു പരിശോധന ലബോറട്ടറിയുടെ സേവനവും ലഭ്യമാക്കിയിരുന്നു.

ഉദ്ഘാടനച്ചടങ്ങില്‍ കായംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷയായി. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി. മുരളീധരന്‍ പദ്ധതി വിശദീകരിച്ചു.