സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കുന്ന
‘എൻ്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയ്ക്ക് ആവേശമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഓരോ സ്റ്റാളുകളും കണ്ടും ആസ്വദിച്ചും വിശേഷങ്ങൾ അന്വേഷിച്ചും മന്ത്രി മേള മുഴുവൻ നടന്നു കണ്ടു. ജില്ലാ കലക്ടർ ഹരിത വി കുമാറും മേള കാണാനെത്തിയിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ‘എൻ്റെ കേരളം’ പവലിയനിലെത്തിയ മന്ത്രി ജീവനക്കാരോട് മേളയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കിഫ്ബിയുടെ വെർച്വൽ റിയാലിറ്റി കണ്ണടയിലൂടെ മന്ത്രിയും കലക്ടറും കാഴ്ചകൾ കണ്ട് ആസ്വദിച്ചു. വിവിധ വകുപ്പുകൾ സജ്ജമാകിയ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി ജീവനക്കാർക്കൊപ്പം സെൽഫിയെടുത്തും ഗ്രൂപ്പ് ഫോട്ടോ എടുത്തും അവരുടെ ആവേശത്തിൽ പങ്കു ചേർന്നു.

പിഡബ്ല്യുഡിയുടെ പുത്തൂർ മാതൃകയും കാർഷിക വകുപ്പിൻ്റെ പൂന്തോട്ടം മാതൃകയും വടക്കുംനാഥ ക്ഷേത്ര മാതൃകയും ഇരുവരും കൗതുകത്തോടെ നോക്കി കണ്ടു. സാമൂഹ്യനീതി വകുപ്പിൻ്റെ സ്റ്റാളിൽ അവരുടെ സ്ഥാപനങ്ങളിലെ അന്തേവാസികളും ഭിന്നശേഷിക്കാരായ കുട്ടികളും ഉണ്ടാക്കിയ മാല മകൾക്കായി വാങ്ങാനും കലക്ടർ മറന്നില്ല.
കുടുംബശ്രീ ഫുഡ് കോർട്ടിലെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. അപ്രതീക്ഷിതമായി മന്ത്രിയും കലക്ടറും മുന്നിലെത്തിയപ്പോൾ ജീവനക്കാർക്കും സംരംഭകർക്കും കർഷകർക്കും കാണികൾക്കും ഒരേ പോലെ ആവേശമായി. മികച്ച രീതിയിൽ മേള മുന്നോട്ടു പോകുന്നതായും മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാവരെയും അനുമോദിക്കുന്നതായും മന്ത്രി അറിയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കൃപകുമാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.