കിസാന്‍മേള എംഎല്‍എ ഉദ്ഘാടനം ചെയ്തു

കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരിയുടെ ഭാഗമായി കാസര്‍കോട് സി പി സി ആര്‍ ഐയില്‍ സംഘടിപ്പിച്ച കിസാന്‍മേള എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതു സാങ്കേതികവിദ്യയിലൂടെ കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. കാര്‍ഷിക പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരും സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളുമായവരെ ചടങ്ങില്‍ ആദരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി കെ ഷമീറ സംസാരിച്ചു. സി പി സി ആര്‍ ഐ ഐസിഎആര്‍ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്രാവിഷ്‌കൃത കാര്‍ഷിക പദ്ധതികളുടെ വിശദീകരണം കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി നിര്‍വ്വഹിച്ചു.
വീട്ടുവളപ്പിലെ ഔഷധത്തോട്ടം എന്ന വിഷയത്തെ ആസ്പദമാക്കി നിലേശ്വരം കൃഷി ഓഫീസര്‍ കെ എ ഷിജോ സംസാരിച്ചു. കര്‍ഷകരും കാര്‍ഷിക ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം പരിപാടിയ്ക്ക് ഐസിഎആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍ നേതൃത്വം നല്‍കി. കാസര്‍കോട് വെറ്ററിനറി ടീമിന്റെ നേതൃത്വത്തില്‍ ആനിമല്‍ ഹെല്‍ത്ത് ക്യാംപെയിന്‍ നടത്തി. കാസര്‍കോട് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ടി സുശീല സ്വാഗതവും കെ വി കെ ഹെഡ് ഡോ ടി എസ് മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. ഇരുപതിലധികം പ്രദര്‍ശന സ്റ്റാളുകള്‍ കിസാന്‍മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. അഞ്ഞൂറോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.