സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ കട്ടപ്പന ഗവ:കോളേജിൽ ജൂൺ മാസത്തോടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളേജിലെ റിസർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മലയാളം, കെമിസ്ട്രി വിഭാഗങ്ങളിലെ റീസെർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളായ എംഎ ഇന്റഗ്രറ്റഡ് ഇംഗ്ലീഷിൻെറയും ബിഎസ് സി ഫിസിക്സിൻെറയും ഉദ്‌ഘാടനമാണ് നടത്തിയത്. കോളേജ് ലൈബ്രറി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ബീന ജോബി ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.
1998 ലാണ് ബിഎസ് സി കെമിസ്ട്രിയോട് കൂടി കോളേജിൽ കെമിസ്ട്രി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. 2016 ൽ പിജി ഡിപ്പാർട്മെന്റ് ആയി ഉയർത്തി. 2022 ൽ റീസേർച്ച് വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. രണ്ട് റിസർച്ച് ഗൈഡുകളാണ് കെമിസ്ട്രി വിഭാഗത്തിനുള്ളത് (കോളേജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ, ഡോ ബെറ്റ്‌സി). മലയാളം ഡിപ്പാർട്മെന്റിൽ 11 ഗവേഷകരും 4 ഗൈഡുകളുമാണുള്ളത് (ഡോ. ബെന്നിച്ചൻ സ്കറിയ, ഡോ. ലാലു വി, ഡോ. അജയൻ, ഡോ. രാകേഷ്). പുതുതായി അനുവദിച്ച എംഎ ഇന്റഗ്രറ്റഡ് ഇംഗ്ലീഷ് (അഞ്ചു വർഷം) കോഴ്‌സിൽ ഒരു ബാച്ചിൽ 25 സീറ്റുകളാണുള്ളത്. ഡോ. വാണി പി ആണ് വകുപ്പ് മേധാവി. ബിഎസ് സി ഫിസിക്‌സിന് 24 സീറ്റുകൾ ആണുള്ളത്. ഡോ. കൃഷ്ണപ്രസാദ് പി.എസ് ആണ് ഡിപ്പാർട്മെന്റ് ഹെഡ്.
റാങ്ക് ജേതാക്കളെയും ആർഡി പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകളെയും ചടങ്ങിൽ ആദരിച്ചു. മലയാളം ബിരുദത്തിന് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ അജ്മി റഷീദ്, ആർഡി പരേഡിൽ പങ്കെടുത്ത എൻസിസി സീനിയർ അണ്ടർ ഓഫിസർ അക്ഷയ് എസ് ജോൺ അണ്ടർ ഓഫിസർ അലൻ ടോമി, ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിൽ സമ്മാനം കരസ്ഥമാക്കിയ അഭിമന്യു, ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കിക്ക് ബോക്സിങ് വിജയികൾ മരിയൻ കോളേജ് വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
കട്ടപ്പന ഗവൺമെൻറ് കോളേജിൻെറ ഉയർച്ചയ്ക്ക് അത്യന്തം അധ്വാനിച്ചിട്ടുള്ള മന്ത്രി റോഷി അഗസ്റ്റിനെ ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ് പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ മെമെന്റോയും സമ്മാനിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ഷമേജ് കെ. ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് കെ.സി ബിജു, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.