കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് 2017 നവംബറിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി. മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പദ്ധതിയാണിത്.

2018 മുതൽ കൊല്ലം നീണ്ടകര ഹാർബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി, സംസ്ഥാനത്തെ പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന മറ്റ് 20 ഹാർബറിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മത്സ്യബന്ധനം, തദ്ദേശസ്വയംഭരണം, യുവജനകാര്യം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ, സംഘങ്ങൾ, സന്നദ്ധ സേവകർ എന്നിവരുടെ സഹകരണത്തോടെയും മെയ് മാസത്തിൽ ഹാർബറുകളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മാലിന്യം വേർതിരിച്ച് സൂക്ഷിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും ശുചിത്വമിഷൻ പരിശീലനം നൽകും.

മത്സ്യബന്ധന വേളയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സംഭരിച്ച് കരയിലെത്തിക്കുകയും തുടർന്ന് ഹാർബറിലുള്ള ഷ്രെഡ്ഡിംഗ് (പ്ലാസ്റ്റിക് പൊടിക്കാൻ ഉപയോഗിക്കുന്ന) യൂണിറ്റിൽ എത്തിച്ച് സംസ്‌കരിച്ചശേഷം റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഒരു ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഷ്രെഡിംഗ് യൂണിറ്റ്. ഒരു പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. ഇതു വരെ 1,50,000 കിലോ (150T) പ്ലാസ്റ്റിക് ശേഖരിക്കുകയും അതിൽനിന്നും 99500 കിലോ പ്ലാസ്റ്റിക്ക് പൊടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും 69500 കിലോ പൊടിച്ച പ്ലാസ്റ്റിക് വിറ്റ്, 14.4 ലക്ഷം രൂപ വരുമാനവും സർക്കാരിന് ലഭിച്ചിട്ടുണ്ട്.

2022 ജൂൺ 8-ന് സംസ്ഥാനമാകെ പ്ലാസ്റ്റിക് വിമുക്ത കടലിന്റെ ആവശ്യകതെയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബീച്ചുകൾ, ഹാർബറുകൾ, മറ്റ് ലാന്റിംഗ് സെന്ററുകൾ, തീരദേശത്തെ ചെറുതും വലുതുമായ കവലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കയ്യെഴുത്ത് പോസ്റ്ററുകൾ, ബാനറുകൾ നാടൻ കലാരൂപങ്ങൾ, തെരുവു നാടകങ്ങൾ എന്നിങ്ങനെയായിരിയ്ക്കും ബോധവത്ക്കരണ ക്യാമ്പയിൻ നടത്തുക. “കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം” എന്ന മുദ്രാവാക്യത്തോടെ കടലോര നടത്തം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിയ്ക്കും. ഇതു കൂടാതെ ജനകീയ പങ്കാളിത്തത്തോടെ ക്ലാസ്സുകൾ, സെമിനാറുകൾ, നോട്ടീസ് പ്രചാരണം, ചിത്രരചന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, റോഡ് ഷോകൾ, ബൈക്ക് റാലികൾ എന്നിവയും സംഘടിപ്പിക്കും.

ചാലുകൾ, നദികൾ, കായലുകൾ എന്നിവയിലൂടെ ഒഴുകി കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രഭവ കേന്ദ്രത്തിൽ ഏറ്റെടുത്ത് സംസ്കരിക്കുന്നതിന് കേരളമാകെ വാർഡ് തലത്തിൽ ശക്തമായ പ്രചരണവും ബോധവൽക്കരണവുമാണ് സംഘടിപ്പിക്കുന്നത്. 590 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കാൻ 2022 സെപ്തംബർ 18 ന് പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം സംഘടിപ്പിക്കും. ഓരോ രണ്ട് കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾക്ക് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 600 ആക്ഷൻ ഗ്രൂപ്പുകളെ സജ്ജമാക്കും. ഓരോ ആക്ഷൻ ഗ്രൂപ്പുകളും ശേഖരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻ കേന്ദ്രങ്ങളിൽ സംഭരിച്ച് ഓരോ ദിവസത്തെയും പ്ലാസ്റ്റിക് മാലിന്യ ശേഖരം അതത് ദിവസം ക്ലീൻ കേരള മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്ക്കരിക്കും.

ശുചിത്വ സാഗരം നടപ്പാകുന്നതോടെ കടലിൽനിന്നും വലിയ അളവിൽ പ്‌ളാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്ക്കരിച്ച് പുനരുപയോഗിക്കാനും കഴിയും. ഇതിലൂടെ ഹാർബറുകളും തീരദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയായ പദ്ധതി എന്ന രീതിയിൽ ലോകസാമ്പത്തിക ഫോറത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്ത പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി.