പൊതുവിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ കേരളീയ സമൂഹത്തിന് കരുത്തുറ്റ ദിശാബോധം നല്‍കിയതായി സമഗ്ര ശിക്ഷാ കേരളം സെമിനാര്‍ വിലയിരുത്തി. എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം നടപ്പിലാക്കുന്ന കേരളം ലോകത്തിന് മാതൃകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ എം.എല്‍.എയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളം വൈജ്ഞാനിക സമൂഹത്തിലേക്ക് മാറുകയാണ്. പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് ഈ കാലഘട്ടത്തില്‍ അനിവാര്യം. സമഗ്ര ശിക്ഷാ കേരള കോഴിക്കോട് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം , ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ അബ്ബാസ് അലി, ഡി.പി.ഒ കെ.ആര്‍ രാജേഷ് എന്നിവര്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. വര്‍ത്തമാന കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപ്ലവകരമായ മാറ്റമാണ് വരുത്തിയത്. മതാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച ആശങ്കാജനമാണ്.
ഭാവിയില്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച നടന്നു. വിദ്യാലയങ്ങളെ കൂടുതല്‍ മാനവിക കേന്ദ്രമാക്കാനുള്ള പരിശ്രമങ്ങളെ ക്കുറിച്ചും പൊതു വിദ്യാഭ്യാസ രംഗത്തെ വര്‍ഗ്ഗവിഭജനത്തെക്കുറിച്ചും തുറന്ന ചര്‍ച്ചയുടെ വേദിയായി സെമിനാര്‍ മാറി. ഗുണാത്മക വിദ്യാഭ്യാസത്തിനായി ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ ഗുണദോഷങ്ങളും സെമിനാറില്‍ വിഷയങ്ങളായിമാറി. മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ അബ്ബാസ് അലി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശിപ്രഭ, ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച കലാമത്സരത്തില്‍ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ കൊണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കല്ലോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ബെനീറ്റ വര്‍ഗീസിനെ സെമിനാര്‍ വേദിയില്‍ ആദരിച്ചു.