* സന്തോഷ് ട്രോഫി ജേതാക്കൾക്ക് പാരിതോഷികം

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകൻ, മാനേജർ, ഗോൾകീപ്പർട്രെയിനർ എന്നിവർക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽകും.

* വള്ളവും വലയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം

ഓഖി ദുരന്തത്തിൽ വള്ളവും വലയും നഷ്ടപ്പെട്ട നാലു പേർക്ക് നഷ്ടപരിഹാര തുകയായ 24,60,405/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. ബ്രിജിൻ മേരി (പൂന്തുറ), കെജിൻ ബോസ്‌കോ (പൊഴിയൂർ), റോമൽ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂർ) എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുക.

* തസ്തിക സൃഷ്ടിക്കും

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സർക്കാർ ഐ.ടി പാർക്കുകളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറുടെ ഒരു തസ്തിക അഞ്ചു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും. എക്സൈസ് വകുപ്പിൽ വനിതകളുടെ പ്രാതിനിധ്യം ഉയർത്തുന്നതിന് വിവിധ ജില്ലകളിലായി 31 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച നടപടി സാധൂകരിച്ചു.

* ശമ്പള പരിഷ്‌ക്കരണം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 01.07.2019 പ്രാബല്യത്തിൽ പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു. ട്രേഡ് റിസീവബിൾ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്ഫോമിൽ പങ്കെടുക്കാൻ അനുവദിക്കും.
സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ / കമ്പനികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി ബോർഡുകൾ, സൊസൈറ്റികൾ / അപ്പക്സ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളെ ചരക്കുകകളുടെയും സേവനങ്ങളുടെയും വിതരണക്കാരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബില്ലുകൾ തീർപ്പാക്കുന്നതിനുള്ള ട്രേഡ് റിസീവബിൾ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്ഫോമിൽ പങ്കെടുക്കാൻ അനുവദിക്കും.
സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് തുല്യ അവസരം സൃഷ്ടിക്കുക, മേക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്ന വിവിധ പദ്ധതികൾ എന്നിവ സുഗമമാക്കുക എന്നിവയ്ക്ക് വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെയും ആർ.ബി.ഐയുടെയും സംയുക്ത സംരംഭമാണ് ട്രേഡ് റിസീവബിൾ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം.