മേള വയനാടിന്റെ ജനകീയ ഉത്സവമായി- മന്ത്രി എ.കെ ശശീന്ദ്രന്‍
സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ എന്റെ കേരളം പ്രദര്‍ശന- വിപണന മേളയും സാംസ്‌കാരിക പരിപാടികളും വയനാടിന്റെ ജനകീയ ഉത്സവമായി മാറിയെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സജ്ജീവ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒരാഴ്ചയായി എസ്.കെ എം.ജെ സ്‌കൂള്‍ മൈതാനിയി്ല്‍ നടന്നു വന്ന എന്റെ കേരളം പ്രദര്‍ശന-വിപണന- കാര്‍ഷിക ഭക്ഷ്യ മെഗാ മേളയുടെ സമാപന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
കഴിഞ്ഞ ഏഴു ദിവസത്തിനിടെ ജില്ലയുടെ മുക്കുമൂലകളില്‍ നിന്നായി പതിനായിരക്കണക്കിന് പേരാണ് മേള സന്ദര്‍ശിക്കനെത്തിയതെന്നത് ഇതിന്റെ ജനകീയത വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ വയനാട്ടിലേക്ക് ഈ അവധിക്കാലത്ത് മറ്റു ജില്ലകളില്‍ നിന്ന് കൂട്ടത്തോടെ എത്തിയ സഞ്ചാരികളും മേള സന്ദര്‍ശിക്കാനെത്തിയത് സന്തോഷകരമെന്നും മന്ത്രി പറഞ്ഞു. മെയ് 7 ന് ഉദ്ഘാടന പരിപാടി മുതല്‍ സമാപന പരിപാടി വരെ വലിയ ജനക്കൂട്ടം വയനാട് ജില്ലയിലെ എക്സിബിഷനിലും സെമിനാറുകളിലും സാംസ്‌കാരിക പരിപാടികളിലും കാണാനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
സെമിനാറുകള്‍ക്കു പോലും വയനാട് പോലുള്ള ജില്ലയില്‍ എല്ലാ ദിവസും നല്ല പങ്കാളിത്തമാണ് ഉണ്ടായത്. വൈകുന്നേരങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് വിദൂര ദിക്കുകളില്‍ നിന്ന് വരെ ആയിരങ്ങള്‍ ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായി. ഓഡിറ്റോറിയവും കവിഞ്ഞ് ഫുഡ് കോര്‍ട്ട് വരെ നീളുന്ന ജനക്കൂട്ടം കോവിഡാനന്തരം ദൃശ്യമാവുന്ന സന്തോഷകരമായ കാഴ്ചയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസവും ഏറ്റവും മികച്ച സാംസ്‌കാരിക പരിപാടികള്‍ തന്നെയാണ് സംവിധാനം ചെയ്തിരുന്നത്. ഷഹബാസ് അമന്റെ സംഗീത സ്വരമാധുരി മുതല്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘത്തിന്റെ നൃത്തോത്സവം ഉള്‍പ്പെടെ വയനാട്ടുകാര്‍ക്ക് തീര്‍ത്തും സൗജന്യമായി ആസ്വദിക്കാനായി.
കേരളത്തിന്റെ ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌കരിക്കുന്ന ടൂറിസം പവലിയന്‍ മുതല്‍ സംസ്ഥാനത്തിന്റെ ചരിത്ര- സാംസ്‌കാരിക പാരമ്പര്യവും ഭാവി പ്രതീക്ഷകളും വികസന കുതിപ്പും ചിത്രീകരിക്കുന്ന പി.ആര്‍.ഡിയുടെയും കിഫ്ബിയുടെയും പ്രദര്‍ശനം ഉള്‍പ്പെടെ നല്ല അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഏറ്റവും മികച്ച രീതിയില്‍ സജ്ജീകരിച്ച 40 ഓളം വകുപ്പുകളുടെ 72 തീം സ്റ്റാളുകളും വ്യവസായ- വാണിജ്യ വകുപ്പിനു കീഴിലുള്ള എം.എസ്.എം.ഇ കളുടെയും കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും 100 ലധികം വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും വലിയ ആകര്‍ഷണവും വിപണന സാധ്യതകളുമാണ് നല്‍കിയത്. കോവിഡിനിടെ തളര്‍ച്ച ബാധിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കു കൂടി സര്‍ക്കാറിന്റെ ഈ ഒന്നാം വാര്‍ഷികാഘോഷ പരിപാടി സഹായകരമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമാപന ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, എ.ഡി.എം എന്‍.ഐ ഷാജു എന്നിവര്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.