10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു
കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പതിനാല് ജില്ലകളിലെയും സ്റ്റേഡിയത്തിന്റെ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി തുക അനുവദിച്ചിട്ടുണ്ട്. ഇതില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് അടൂരിലെ സ്റ്റേഡിയമാണ്. ജില്ലാതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും പരിശീലനവും നല്‍കുകയാണ് ലക്ഷ്യം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തിലെ 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും അത്‌ലറ്റ് ഫെഡറഷനുമായി യോജിച്ചു കൊണ്ട് അത് ലറ്റ് പരിശീലനം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസ്സ് മുതല്‍ കായികവും പാഠ്യ വിഷയമാക്കി മാറ്റാനും ലക്ഷ്യമിടുന്നു.125 സ്‌കൂളില്‍ കായികം ഇതിനോടകം വിഷയമാണ്. യൂണിവേഴ്‌സിറ്റി തലത്തില്‍ കായിക പരിശീലനത്തിന് കൂടുതല്‍ ഉണര്‍വ്വ് നല്‍കാന്‍ ശ്രമം നടന്നു വരുന്നു. സിന്തറ്റിക് ട്രാക്ക് ഫുട്‌ബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍, ഷട്ടില്‍ കോര്‍ട്ട് പവലിയന്‍ എന്നിവയടക്കം ഉള്ളതാണ് കൊടുമണ്‍ സ്റ്റേഡിയം. പത്തനംതിട്ട നഗരസഭ സ്റ്റേഡിയവും 50 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാട് ഒന്നടങ്കം ഒന്നിച്ചപ്പോഴാണ് കൊടുമണ്‍ സ്റ്റേഡിയം പദ്ധതി നടപ്പായതെന്ന് ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും കായിക താരങ്ങളെ ആദരിക്കലും നിര്‍വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കായിക – ആരോഗ്യമേഖലകള്‍ സംയുക്തമായി സ്ത്രീ സുരക്ഷയ്ക്കായി സെല്‍ഫ് ഡിഫെന്‍സ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ആലോചന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.അടൂര്‍ വികസനത്തിന്റെ പാതയിലാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ സ്റ്റേഡിയം ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.