രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണനമേള ജനഹൃദയം കീഴടക്കി മുന്നേറുന്നു. കനകകുന്നില്‍ നടക്കുന്ന മേള തുടക്കം മുതല്‍ തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ല ഇതുവരെ കണ്ടതില്‍നിന്നും വൈവിധ്യമാര്‍ന്ന പ്രദര്‍ശന വിപണന മേളയാണ് ഇവിടെ നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പൂര്‍ണമായ അടച്ചിടലിനുശേഷം വലിയൊരു വിപണിയാണ് കനകക്കുന്നില്‍ ഒരുങ്ങിയിട്ടുള്ളത്. വിപണനത്തിനൊപ്പം സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കിയിരിക്കുന്നുവെന്നതാണ് മേളയെ ആകര്‍ഷകമാക്കുന്നത്. രാവിലെ 10 മണിയോട് കൂടി മേള സജീവമാകും. സംഘമായും അല്ലാതെയും ജനങ്ങളുടെ തിരക്കാണ്. വൈകുന്നേരത്തോടെ കുടുംബമൊന്നിച്ച് എത്തുന്നവരുടെ തിരക്കായി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ കൗതുകമുണര്‍ത്തുന്ന നിരവധി കാഴ്ചകള്‍ മേളയിലുണ്ട്.

യഥേഷ്ടം സമയമെടുത്ത്, പ്രദര്‍ശന നഗരി ചുറ്റിക്കണ്ട്, ഫുഡ് സ്റ്റാളിലും കയറിയ ശേഷം കലാപരിപാടികളും ആസ്വദിച്ചാണ് ആളുകള്‍ മടങ്ങുന്നത്. വിനോദസഞ്ചാര വകുപ്പ്, ജയില്‍ വകുപ്പ്, കിഫ്ബി എന്നിവരുടെ സ്റ്റാളുകളും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം പവലിയനും സെല്‍ഫി പോയിന്റുകളായിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടംകൂട്ടമായും സെല്‍ഫിയെടുക്കുന്നതിന് ഇവിടെ എപ്പോഴും തിരക്കുതന്നെയാണ്. തുടര്‍ന്ന് വിര്‍ച്വല്‍ റിയാലിറ്റി അനുഭവിച്ചറിയാനുള്ള നീണ്ട നിര കാണാം. എത്രസമയം വേണ്ടിവന്നാലും ഇത് ആസ്വദിച്ചേ മുന്നോട്ടുനീങ്ങൂവെന്ന നിലപാടിലാണ് ഭൂരിഭാഗം സന്ദര്‍ശകരും.

സേവന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും ഏറെക്കൂടുതലാണ്. ആധാര്‍ മുതല്‍ റേഷന്‍കാര്‍ഡുകള്‍ വരെയുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്. സൗജന്യമായി ആവശ്യങ്ങള്‍ നടത്താന്‍ കഴിയുന്നുവെന്നതാണ് സേവന കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നത്.
കുടുംബശ്രീയുടെ സ്റ്റാളുകളില്‍ മികച്ച വില്‍പനയാണ് നടക്കുന്നത്. ഭക്ഷ്യവസ്തുകള്‍ക്ക് പുറമേ കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് സ്റ്റാളുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുന്നത് ആകര്‍ഷണീയമാണ്. കൃഷിവകുപ്പിന്റെ സസ്യത്തൈകളുടെയും വിത്തുകളുടെയും വില്പന പൊടിപൊടിക്കുന്നു. രാവിലെ പത്തു മുതല്‍ ആരംഭിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ജൂണ്‍ രണ്ടുവരെയാണ് മേള നടക്കുന്നത്.