വികസനം താഴെ തട്ടിൽ വരെ എത്തിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ. മേമാരിക്കുടി സമഗ്ര കോളനി വികസന പദ്ധതി 2022 ഉദ്ഘാടനവും പ്രത്യേക ഊരുകൂട്ട യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യം കണ്ട് ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സർക്കാർ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. വനം നശിക്കാതെ മികച്ച പദ്ധതികളിലൂടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കണം. തേനീച്ച വളർത്തൽ, കൃഷി മുതലായ മേഖലകളിൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കണം. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും പിന്തുണ വേണമെന്നും എംഎൽഎ പറഞ്ഞു.
മേമാരി കമ്യുണിറ്റി ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അധ്യക്ഷത വഹിച്ചു. കോളനികളുടെ ശോചനീയാവസ്ഥ മാറുന്നത് ഇവരുടെ ജീവിതക്രമങ്ങളെയും മാറ്റുമെന്ന് പ്രസിഡന്റ് പറഞ്ഞു. മേമാരിക്കുടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് ത്രിതല പഞ്ചായത്തുകൾ, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ കോളനി വികസനം, മറ്റു വിവിധ വകുപ്പുകളുടെ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടും, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മികവാർന്ന പ്രവർത്തനം ഉറപ്പു വരുത്തിയും സമഗ്ര കോളനി വികസനം എന്ന ബൃഹത് പദ്ധതി നടപ്പാക്കുകയാണ് ലക്‌ഷ്യം. ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സർക്കാർ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യങ്ങൾക്കൊപ്പം ജീവനോപാധികൾ കൂടി മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. സമ്പൂർണ്ണ ജനപങ്കാളിത്തത്തോടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിക്കൊണ്ട് ഈ വർഷം നടപ്പാക്കാവുന്ന മുഴുവൻ പദ്ധതികളും ഒരു കുടക്കീഴിൽ ആക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമാണ് ലക്ഷ്യം.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ ജെൻഡർ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പരിഗണന നൽകുക എന്ന ലക്ഷ്യമാണ് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്. സമഗ്രവികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവിധ വകുപ്പുകളുമായി സഹകരിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിക്കുക എന്നതുകൂടിയാണ്. കുടുംബശ്രീ പ്രവർത്തനം ആരംഭിക്കാനും തൊഴിലുറപ്പ് പദ്ധതി 100 % നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കാനുമാണ് ലക്ഷ്യമിടുന്നത്.
തൊഴിലുറപ്പിൻെറ തൊഴിൽകാർഡ് വിതരണവും എംഎൽഎ നിർവഹിച്ചു. ഊരുമൂപ്പൻ കുഞ്ഞൂഞ്ഞ് രാഘവനെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശാ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സവിത ബിനു, ബ്ലോക്ക് ഡിവിഷൻ മെമ്പർ മനോജ് എം.റ്റി, ബ്ലോക്ക് ഡിവിഷൻ മെമ്പർ വിപി ജോൺ, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിമോൾ ജോസഫ്, ബിഡിഒ ധനേഷ് ബി, പട്ടിക വർഗ വികസന ഓഫിസർ സുനീഷ് പി.വൈ, ഐടിഡിപി പ്രോജക്ട് ഓഫിസർ ശ്രീരേഖ കെ.എസ്, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.