അക്ഷരശ്ലോക സംസ്‌കാരം കുട്ടികളുടെ ഭൗതീകവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്കാണുള്ളതെന്നും 6 വയസു   മുതൽ 100 വയസുവരെ ഒരുമിച്ച് ആനന്ദിക്കുന്ന ജനകീയ കലയാണ് അക്ഷരശ്ലോക കലയെന്നും ചീഫ് സെക്രട്ടറി വി.പി ജോയി. ഭാരത് ഭവന്റെയും അക്ഷരകേളിയുടെയും സഹകരണത്തോടെ സാഹിത്യ അക്കാദമി സംഘടിപ്പിച്ച അക്ഷര ശ്ലോക സമാരോഹം പരിപാടി ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാവ്യലോകത്ത് നിർഭയമായി സംവദിക്കാൻ കഴിയുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും ഭാഷയുടെ കരുത്തും സൗന്ദര്യവും എന്താണെന്ന് മനസിലാക്കിക്കൊടുക്കുന്നതിനും അക്ഷരശ്ലോക സദസ്സുകൾ ഏറെ ഗുണം ചെയ്യുമെന്നും നമ്മുടെ ഭാഷയ്ക്ക് മറ്റു ഭാഷകൾക്കില്ലാത്തവിധത്തിലുള്ള സംഗീത സംവേദന ക്ഷമത എങ്ങനെയാണ് കൈവരുന്നതെന്ന് മനസിലാക്കാനും  അക്ഷരശ്ലോക സദസ്സുകൾമൂലം സാധിക്കുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന കവി പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. ഭാരത് ഭവനിൽ അക്ഷരശ്ലോക സദസ്സിന് സ്ഥിരം വേദിയുണ്ടാകുമെന്നു ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. അജിത് കുമാർ,  അക്ഷര ശ്ലോക കലാക്ഷേത്രം അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ, അക്ഷരകേളി സെക്രട്ടറി കെ.വേലപ്പൻപിള്ള, കൈരളി ശ്ലോക രംഗം സെക്രട്ടറി ഡോ. ആര്യാംബിക എസ്. വി., സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഹരികുമാർ എന്നിവർ സംബന്ധിച്ചു.