കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ രണ്ടു വര്‍ഷം മുടങ്ങിയ സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ വര്‍ധിത ആവേശത്തോടെ. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു ഇന്നലെ (ജൂണ്‍ ഒന്ന്- ബുധന്‍) പ്രവേശനോത്സവം നടന്നത്. രാവിലെ തന്നെ പുത്തനുടുപ്പും പുത്തന്‍ കുടകളും പുസ്തകങ്ങളുമായി കുരുന്നുകള്‍ വിദ്യാലയ മുറ്റത്തെത്തിയപ്പോള്‍ വര്‍ണശബളമായ വരവേല്‍പ്പാണ് അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് നല്‍കിയത്. കാലവര്‍ഷത്തിനിടയിലും പൊതുവെ മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവങ്ങളെ മനോഹരമാക്കി. പുതിയ പ്രതീക്ഷകളുമായി എത്തിയ കുന്നുകള്‍ക്ക് വര്‍ണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. ഉത്സവഭരിതമായ പ്രവേശനോത്സവം അനുഭവിക്കാത്ത കഴിഞ്ഞ രണ്ടു വര്‍ഷത്തെ തുടക്കക്കാരും ഇത്തവണ നന്നായി ആസ്വദിച്ചു.
ജില്ലാതല പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി സിദ്ദിഖ് എംഎല്‍എ അധ്യക്ഷനായി. രാഹുല്‍ ഗാന്ധി എം.പി സന്ദേശം അയച്ചു നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും ജില്ലാ കളക്ടര്‍ എ.ഗീത അവാര്‍ഡ് ജേത്രി നര്‍ഗീസ് ബീഗത്തെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ സ്‌കൂള്‍ ഡയറി പ്രകാശനവും മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന്‍ പഠനകിറ്റ് വിതരണവും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മേരി സിറിയക് ത്രിഭാഷ ഫലക അനാച്ഛാദനവും നിര്‍വഹിച്ചു.