ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ക്കനുസൃതമായി പുതുക്കിയ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു.

റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കളക്ട്രേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. എ.ഡി.എം. ജിനു പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും പ്രത്യേക ബോധവത്ക്കരണ പരിപാടിയിലൂടെ തിരികെ ലഭിച്ച ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകളാണ് സംസ്ഥാനത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത്.

ചടങ്ങില്‍ കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്തു.

താലൂക്ക്തലത്തില്‍ 20 ബി.പി എല്‍ ( പിങ്ക്) കാര്‍ഡുകളും രണ്ട് അന്ത്യോദയ അന്ന യോജന (മഞ്ഞ) കാര്‍ഡുകളുമാണ് വിതരണം ചെയ്യുന്നത്. മെയ് മാസം വരെ ലഭിച്ച 986 അപേക്ഷകരില്‍ നിന്നും കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിലായി പുതുക്കിയ പട്ടിക പ്രകാരം നൂറ് ബി പി എല്‍ കാര്‍ഡുകളും 10 അന്ത്യോദയ കാര്‍ഡുകളും വിതരണം ചെയ്തു.

ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജയമോള്‍ ജോസഫ്, എന്‍.എന്‍ വിനോദ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.