സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്കാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. ലേബർറൂം, മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചത്. ലേബർറൂം, മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ 87 ശതമാനം വീതം സ്‌കോറോടെയാണ് കോട്ടയം മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടേയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാർഗനിർദേശങ്ങളനുസരിച്ചുള്ള പരിശോധനകൾക്ക് ശേഷമാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ നൽകുന്നത്. ലേബർ റൂമിൽ അഡ്മിറ്റ് ചെയ്യുന്നത് മുതൽ പ്രസവ ശേഷം വാർഡിൽ മാറ്റുന്നത് വരെ ഗർഭിണികൾക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നു. ലക്ഷ്യ മാർഗനിർദേശങ്ങൾ അനുസരിച്ച് ലേബർ റൂമിലേയും ഓപ്പറേഷൻ തീയറ്ററുകളുടേയും ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കുകയും ചെയ്തു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വർധിപ്പിച്ചു. അതിതീവ്ര പരിചരണം ആവശ്യമായ ഗർഭിണികൾക്ക് വെന്റിലേറ്റർ സൗകര്യങ്ങളോട് കൂടിയ ഐസിയു, ഹൈ ഡെപ്പന്റൻസി യൂണിറ്റ് എന്നിവ സജ്ജമാക്കി. ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ജീവനക്കാർക്ക് മതിയായ പരിശീലനവും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി ലക്ഷ്യ പദ്ധതി നടപ്പിലാക്കിയ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം. ഗർഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതൽ പേർ സമീപിക്കുന്ന ആശുപത്രി കൂടിയാണിത്. കോഴിക്കോടിന് പുറമേ മലപ്പുറം, വയനാട് ജില്ലകളിലുള്ള സങ്കീർണാവസ്ഥയിലുള്ള ഗർഭിണികളിൽ ഭൂരിപക്ഷം പേരും ഈ ആശുപത്രിയേയാണ് സമീപിക്കുന്നത്.
മധ്യകേരളത്തിൽ ഗർഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതൽ പേർ എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. മറ്റ് മെഡിക്കൽ കോളേജുകളെക്കൂടി ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.