ആകെ 146 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.

സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11 ആശുപത്രികൾക്ക് പുന: അംഗീകാരവും 2 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. എറണാകുളം രായമംഗലം കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോറും, കോട്ടയം കല്ലറ കുടുംബാരോഗ്യ കേന്ദ്രം 97 സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 4 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 92 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം 97%, മുണ്ടക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 80.40%, പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം 89%, കോട്ടയം മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 95%, ഇടുക്കി പാറക്കടവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 87.20%, എറണാകുളം തൃപ്പൂണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 90.30%, മണീട് കുടുംബാരോഗ്യ കേന്ദ്രം 98.47%, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം 96%, കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം 89%, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95%, വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 93% എന്നീ കേന്ദ്രങ്ങൾക്കാണ് മൂന്ന് വർഷത്തിന് ശേഷം വീണ്ടും എൻ.ക്യു.എ.എസ്. ബഹുമതി ലഭിച്ചത്.