ചൂഷണത്തിന് ഇരയായ അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസ ധനസഹായം നൽകി പുനരധിവസിപ്പിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് സ്നേഹസ്പർശം. കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നു. ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന അവിവാഹിത അമ്മമാർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
2021-2022 സാമ്പത്തിക വർഷം 1483 പേർക്കാണ് കുടിശ്ശിക സഹിതം സ്നേഹസ്പർശം പദ്ധതി വഴി സഹായം നൽകിയത്. രണ്ടു കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ഇക്കൊല്ലം നീക്കിവെച്ചത്.
ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന 60 വയസുവരെയുള്ളവർക്കാണ് ധനസഹായം ലഭിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്നവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ബാങ്ക് പാസ്ബുക്ക്, ബിപിഎൽ റേഷൻ കാർഡ്, ആധാർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
മാനദണ്ഡങ്ങൾ:
1. അവിവാഹിതാവസ്ഥയിൽ പലവിധ ചൂഷണങ്ങളിലൂടെ അമ്മമാരായവരും അതിൽ കുട്ടികൾ ഉള്ളവരായിരിക്കണം.
2. നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്തു കുടുംബമായി കഴിയുന്നവരോ ആണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
4. മറ്റു പെൻഷനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
അപേക്ഷാഫോം ബന്ധപ്പെട്ട സാമൂഹികനീതി ഓഫീസിലോ സാമൂഹിക സുരക്ഷാമിഷന്റെ വെബ്സൈറ്റിലോ ഓഫീസിലോ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസനപദ്ധതി (ഐസിഡിഎസ്) ഓഫീസർക്കോ ജില്ലാ സാമൂഹികനീതി ഓഫീസർക്കോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2341200.