സംസ്ഥാന റവന്യൂ കലോത്സവത്തിലെ രണ്ടാം ദിനത്തിലും താരമായി തൃശൂരിന്റെ റോമി ചന്ദ്രമോഹൻ. പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന മോഹിനിയാട്ട മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടി റോമി വീണ്ടും ജില്ലയുടെ അഭിമാനം ഉയർത്തിയത്.
കൃഷ്ണനെ കാത്തിരിക്കുന്ന നായികയുടെ വികാരഭാവങ്ങൾ നിറഞ്ഞൊഴുകുന്നതായിരുന്നു റോമിയുടെ അവതരണം. സിനിമ-സീരിയൽ താരം അംബിക മോഹന്റെ മകൾ കൂടിയാണ് ഈ കലാകാരി. കലോത്സവത്തിലെ ആദ്യ ദിനത്തിലെ ഭരതനാട്യ മത്സരത്തിലും റോമി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
മോഹിനിയാട്ട മത്സരത്തിൽ കൊല്ലം ജില്ലയിലെ അനു കൃഷ്ണ രണ്ടാം സ്ഥാനവും ആലപ്പുഴ ജില്ലയിലെ ആർ ഉമാദേവി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ ജില്ലകളിൽ നിന്നായി എട്ട് മത്സരാർത്ഥികളാണ് അരങ്ങ് തകർത്തത്. ശ്യംഗാര ഭാവങ്ങൾ ഇടകലർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച എട്ട് മത്സരാർത്ഥികളും എ ഗ്രേയ്ഡ് നേടി.