വർണാഭമായ വസ്ത്രങ്ങളും ചടുലമായ നൃത്ത ചുവടുകളും കൈയടികളോടെ കാണികളും – സ്കൂൾ കലോത്സവ വേദിയെ ഓർമ്മിപ്പിക്കും വിധം നിറഞ്ഞു കവിഞ്ഞ സദസ് തേക്കിൻകാട് മൈതാനിയെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാഴ്ത്തി. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രധാന വേദിയിൽ നടന്ന സിനിമാറ്റിക് ഡാൻസ് മത്സരമാണ് കണ്ട് നിന്നവരെ പോലും താളം ചവിട്ടിച്ചത്.

13 ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ തൃശൂർ ജില്ല ഒന്നാമതായി. ഫാസ്റ്റ് മെലഡി നമ്പറുകൾക്കൊപ്പം മത്സരാർത്ഥികൾ ആടി തകർത്തപ്പോൾ സദസും ഒപ്പം ചേർന്നു. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി ക്ലാസിക്കൽ നൃത്തഇനങ്ങളിൽ ഒന്നാമതായി ജില്ലയുടെ അഭിമാനമായ
റോമി ചന്ദ്രമോഹൻ നയിച്ച ടീമാണ് തൃശൂരിന് ഒന്നാം സ്ഥാനം സമ്മാനിച്ചത്.

റോമി ഉൾപ്പടെ ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അസാധ്യമായ മെയ്‌വഴക്കത്തോടെയും ചടുലമായ നൃത്ത ചുവടുകളിലൂടെയുമുള്ള ടീമിന്റെ പ്രകടനം നിറഞ്ഞ കയ്യടി നേടി. സെമി ക്ലാസിക്കൽ മുതൽ ഡപ്പാംകൂത്ത് പാട്ടുകൾക്ക് വരെ മത്സരാർത്ഥികൾ ആവേശത്തോടെ ചുവട് വച്ചു. ശ്യാമിലി എസ് മേനോൻ നയിച്ച കൊല്ലം ജില്ലാ ടീമും കെ പി രമ്യ  നയിച്ച കണ്ണൂർ ജില്ലാ ടീമും രണ്ടാം  സ്ഥാനം പങ്കിട്ടു. മനോജ്‌ എം മേനോന്റെ നേതൃത്വത്തിൽ ആലപ്പുഴ, ലിബിത വി എസിന്റെ നേതൃത്വത്തിൽ വയനാട്, ദർശന ദാസിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

സ്കൂൾ കലോത്സവങ്ങളെ ഓർമിപ്പിക്കും വിധം ആവേശകരമായ മത്സരമാണ് ഓരോ ടീമുകളും കാഴ്ച വച്ചതെന്നും ഏറെ സന്തോഷത്തോടെയാണ് വിധി നിർണയിക്കുന്നതെന്നും വിധികർത്താക്കൾ വിലയിരുത്തി.